നീലഗിരിയും കൊടൈക്കനാലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് അവിടെ പാസ് നിര്‍ബന്ധമാക്കിയിരുന്നു, അതിനു ശേഷമാണ് സഞ്ചാരികളുടെ വന്‍ തിരക്ക് വാല്‍പ്പാറയില്‍ അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്ത് ഗതാഗത തടസ്സവും തിരക്കും പതിവായ സാഹചര്യമായി. ഇതിനെ തുടര്‍ന്നാണ് കോയമ്പത്തൂര്‍ ജില്ലാ കലക്ടര്‍ ഇ-പാസ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം നടപ്പാക്കണമെന്ന് നേരത്തെ തന്നെ നിര്‍ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. തേയിലത്തോട്ടങ്ങളും പച്ചമയമുള്ള പ്രകൃതി ദൃശ്യങ്ങളും കൊണ്ടു പ്രശസ്തമായ വാല്‍പ്പാറ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയാണ്. പരിസ്ഥിതി സംരക്ഷണമാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. വിനോദ സഞ്ചാരികളുടെ അമിത സാന്നിധ്യം മൂലം മലനിരകളുടെ സമതുലിതാവസ്ഥയ്ക്ക് ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ ആണ് ഈ നീക്കം. നവംബര്‍ ഒന്നുമുതല്‍ വാല്‍പ്പാറ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഇ-പാസ് എടുക്കണം എന്നതാണ് നിര്‍ദേശം.