'തുടക്കം' വിസ്മയമാക്കാൻ മോഹൻലാലിന്റെ മകൾ, ജൂഡ് ആന്റണി ചിത്രത്തിന് കൊച്ചിയിൽ തുടക്കമായി

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന സിനിമയുടെ പൂജ കൊച്ചിയിൽ നടന്നു. മോഹൻലാലും, പ്രണവ് മോഹൻലാലും ഉൾപ്പടെ മലയാളസിനിമയിലെ നിരവധി താരങ്ങൾ ഒന്നിച്ചായിരുന്നു സിനിമയുടെ പൂജ നടന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും ഈ റിപ്പോര്‍ട്ടുകള്‍ ശക്തമാക്കുന്നു. സിനിമയിൽ ആന്റണി പെരുമ്പാവൂരിന്റെ മകനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്.