ഇന്‍സ്റ്റഗ്രാം ടീന്‍ അക്കൗണ്ടുകളില്‍ കൂടുതല്‍ നിയന്ത്രണം
ഇന്‍സ്റ്റഗ്രാമില്‍ കൗമാര അക്കൗണ്ടുകള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ടീന്‍ അക്കൗണ്ടുള്ളവര്‍ക്ക് ഒരു വര്‍ഷമായി ഉള്ളടക്കങ്ങളില്‍ നിയന്ത്രണമുണ്ടായിരുന്നു. ഇതിപ്പോള്‍ കൂടുതല്‍ കടുപ്പിക്കുകയാണ് മെറ്റ. 'ലോകമെമ്പാടുമുള്ള കോടിക്കണക്കിന് കൗമാരക്കാരാണ് ടീന്‍ അക്കൗണ്ടുകള്‍ ഇന്‍സ്റ്റയില്‍ ഉപയോഗിക്കുന്നത്. കൗമാരക്കാർ പലരും ഈ നിയന്ത്രണങ്ങൾ മറികടക്കാന്‍ ശ്രമിച്ചേക്കാമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടാണ്, പ്രായപൂര്‍ത്തിയായവരെന്ന് അവകാശപ്പെട്ടാലും കൗമാരക്കാരില്‍ നിന്ന് ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഞങ്ങൾ പ്രായ പ്രവചന സാങ്കേതികവിദ്യ പ്ലാറ്റ്‌ഫോമില്‍ ഉപയോഗിക്കുന്നത്. ഒരു സംവിധാനവും 100 ശതമാനവും മികവുറ്റതല്ല എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഘട്ടം ഘട്ടമായി ഇന്‍സ്റ്റഗ്രാമിനെ പുതുക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. കൗമാരക്കാരെ സുരക്ഷിതരാക്കാന്‍ മെറ്റ കിണഞ്ഞുപരിശ്രമിക്കുന്നുണ്ടെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കുന്ന അപ്‌ഡേറ്റാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നതെന്നും'- മെറ്റ വിശദീകരിച്ചു.
ഇന്‍സ്റ്റഗ്രാമിലെ 13+ നിയന്ത്രണത്തിന് കീഴില്‍ വരുന്ന അക്കൗണ്ടുകളില്‍ യൂസര്‍മാര്‍ക്ക് എല്ലാ ഉള്ളടക്കങ്ങളും ദൃശ്യമാവില്ല. ലൈംഗിക ഉള്ളടക്കങ്ങള്‍ ഇന്‍സ്റ്റഗ്രാം ഇത്തരം യൂസര്‍മാരില്‍ നിന്ന് നേരത്തെതന്നെ തടഞ്ഞിരുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കം പതിവായി പങ്കിടുന്ന അക്കൗണ്ടുകളെ കൗമാരക്കാർക്ക് ഇനി പിന്തുടരാനും കഴിയില്ല. അവർ ഇതിനകം അത്തരം അക്കൗണ്ടുകൾ പിന്തുടരുന്നുണ്ടെങ്കിൽ, അവർക്ക് ഇനി അവരുടെ ഉള്ളടക്കം കാണാനോ സംവദിക്കാനോ, അവരിൽ നിന്ന് നേരിട്ടുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, പോസ്റ്റുകൾക്ക് കീഴിലുള്ള കമന്‍റുകള്‍ കാണാനോ കഴിയില്ല. ചില സെര്‍ച്ച് വാക്കുകളും ഇന്‍സ്റ്റഗ്രാം തടയും. കൂടാതെ മെറ്റയുടെ എഐ ചാറ്റ്ബോട്ട് പ്രായത്തിന് അനുയോജ്യമല്ലാത്ത പ്രതികരണങ്ങൾ ഇന്‍സ്റ്റഗ്രാം കൗമാര ഉപയോക്താക്കള്‍ക്ക് നൽകില്ലെന്നും കമ്പനി വ്യക്തമാക്കി.
കൂടുതല്‍ നിയന്ത്രണം വേണോ? അതുമുണ്ട്!
കൗമാര അക്കൗണ്ടുകളിലെ പുതിയ കണ്ടന്‍റ് നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ മെറ്റ പുറത്തുവിട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ടീന്‍ അക്കൗണ്ട് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ വാട്ട് യു സീ എന്നൊരു ഓപ്ഷന്‍ കാണാം. ഇതില്‍ ക്ലിക്ക് ചെയ്‌ത് കണ്ടന്‍റ് സെറ്റിംഗ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അതില്‍ 13+ ആണോ ഡിഫോള്‍ട്ടായി കിടക്കുന്നത് എന്ന് നോക്കുക. അല്ലെങ്കില്‍ 13+ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌ത് ഉറപ്പുവരുത്തുക. കണ്ടന്‍റുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് 13+ന് തൊട്ടുമുകളിലായി കാണുന്ന ലിമിറ്റഡ‍് കണ്ടന്‍റ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ എന്ത് കാണുന്നു എന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന ഫീച്ചറാണ് ലിമിറ്റഡ് കണ്ടന്‍റ്. 13+ പോലെ തന്നെ ഇതിലും കമന്‍റുകളും മെസേജുകള്‍ക്കും നിയന്ത്രണമുണ്ട്. ഇന്‍സ്റ്റയില്‍ ആദ്യ ഘട്ടത്തില്‍ യുഎസിലും യുകെയിലും ഓസ്ട്രേലിയയിലും കാനഡയിലും എത്തിയിരിക്കുന്ന പുത്തന്‍ ഫീച്ചറുകള്‍ വരും മാസങ്ങളില്‍ മറ്റ് രാജ്യങ്ങളിലേക്കുമെത്തും.