സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ തുടക്കം

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് നാളെ തുടക്കം. 67ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് തുടക്കം.

തുടര്‍ന്ന് ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ മന്ത്രി വി. ശിവന്‍കുട്ടിക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാന്റ് അംബാസഡര്‍. നടി കീര്‍ത്തി സുരേഷ് ഗുഡ്വില്‍ അംബാസഡറാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും.

ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന ജില്ലക്ക് നല്‍കുന്ന മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വര്‍ണക്കപ്പിന് ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം ജില്ല അതിര്‍ത്തിയിലെ തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരണമൊരുക്കി. ചൊവ്വാഴ്ച രാവിലെ 10ന് പട്ടം ഗേള്‍സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് സ്വര്‍ണക്കപ്പ് ഘോഷയാത്ര ഉദ്ഘാടന വേദിയായ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും.


പതിനാറോളം ഉപകമ്മിറ്റികളുടെ നേതൃത്വത്തില്‍ മേളയുടെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. കായിക താരങ്ങളുടെ താമസത്തിനായി 74 സ്‌കൂളുകളില്‍ സൗകര്യമൊരുക്കി. കുട്ടികളുടെ യാത്രക്കായി 142 ബസുകള്‍ സജ്ജമാക്കി. ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സാനിറ്റൈസേഷന്‍, ഇ-ടോയ്ലറ്റ് സംവിധാനങ്ങള്‍ ഒരുക്കി. നിരോധിത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്‌സൈസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സ സൗകര്യവും ആംബുലന്‍സ് സര്‍വിസും ഏര്‍പ്പാടാക്കി.