വാഹനം ഇടിച്ചതിനെ ചൊല്ലി തര്‍ക്കം; തമ്പാനൂരില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയയാള്‍ പിടിയില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് പൊലീസ് പിടിയില്‍. വള്ളിക്കടവ് സ്വദേശിയായ റോബിന്‍ ജോണ്‍സനാണ് പിടിയിലായത്. വാഹനം ഇടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ തിരയുള്ള റിവോള്‍വര്‍ ചൂണ്ടി ഇയാള്‍ ആളുകളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനില്‍വെച്ച് റോബിന്‍ സഞ്ചരിച്ച കാര്‍ ബൈക്കിലും ഓട്ടോയിലും ഇടിച്ചിരുന്നു. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കത്തിനു പിന്നാലെ ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എയര്‍ പിസ്റ്റള്‍ ആണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇത് റിവോള്‍വറാണെന്നും മൂന്ന് തിരകളുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.


സംഭവ സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും പൊലീസ് അറിയിച്ചു