ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു; വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ആശങ്ക

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ഉയർന്നു. പവന് 560 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ ഒരു പവന് 89,160 രൂപയായി. ഇന്നലെ പവന് 88,600 രൂപയായിരുന്നു. ഇന്നലെ രണ്ട് തവണയായി പവന് 1,800 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപ വർധിച്ച് 11,145 രൂപയായി. ഇന്നലെ ഗ്രാമിന് 11,075 രൂപയായിരുന്നു വില. വെള്ളി ഗ്രാമിന് 160 രൂപയാണ് വില.

ഒരിടവേളക്ക് ശേഷം ഇന്നലെ സ്വര്‍ണ വില പവന് 90,000 രൂപയില്‍ താഴെ വന്നിരുന്നു. വീണ്ടും 90,000 രൂപ കടക്കുമെന്ന പ്രവണതയാണ് ഇന്നത്തെ സ്വർണ വില നിലവാരം നൽകുന്ന സൂചന. അതേസമയം, ഉച്ചയ്ക്ക് ശേഷം വിലയിൽ മാറ്റമുണ്ടാകുമോയെന്നത് വ്യക്തമല്ല. ഉച്ചയ്ക്ക് ശേഷം വില മാറാൻ ഇടയുണ്ട്. അതിനാൽ, ജ്വല്ലറിയിലേക്ക് പോകുന്നവർ വൈകിട്ട് വരെ കാത്തിരിക്കുന്നത് നന്നാകും.
ഒക്ടോബര്‍ എട്ടിനാണ് സ്വര്‍ണം ചരിത്രത്തിലാദ്യമായി 90,000 രൂപ കടന്നത്. ഒക്ടോബര്‍ 21ലെ 97,360 ആണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില. എന്നാല്‍, അന്ന് വൈകിട്ട് മുതല്‍ വില കുറയുന്ന പ്രവണതയായിരുന്നു. പിന്നീടുള്ള അധിക ദിവസങ്ങളിലും വില കുറയുകയായിരുന്നു.

സ്വര്‍ണ വിലയിൽ അസ്ഥിരത തുടരാനാണ് സാധ്യത. പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിച്ചതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. പണിക്കൂലി കൂട്ടാതെ തന്നെ ഒരു പവന് ഒരു ലക്ഷം കടക്കുമെന്ന പ്രതീക്ഷിച്ചയിടത്താണ് സ്വര്‍ണവിലയിലെ ഈ അസ്ഥിരത. നിലവില്‍ പണിക്കൂലി അടക്കം ഒരു പവന്‍ സ്വര്‍ണത്തിന് ഒരു ലക്ഷത്തിലധികമാകും. ചില ദിവസങ്ങളില്‍ മൂന്ന് തവണ വരെ വിലയില്‍ മാറ്റമുണ്ടാകുന്നുണ്ട്. സ്വർണ വില വർധിക്കുന്നത് വിവാഹ പാർട്ടിക്കാരെയാണ് കൂടുതൽ വലയ്ക്കുന്നത്. അതേസമയം, നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തെ കാണുന്നവർക്ക് ഗുണകരവുമാണ്.