അടിമാലി: ഇടുക്കി അടിമാലി ദേശീയ പാതക്ക് സമീപം മണ്ണിടിഞ്ഞ് കുടുങ്ങിപ്പോയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു. ലക്ഷം വീട് നിവാസിയായ ബിജുവാണ് അപകടത്തില്‍ മരിച്ചത്. ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ബിജുവിനെ പുറത്തെത്തിക്കാനായത്.
സന്ധ്യയെ നേരത്തെ തന്നെ പുറത്തെത്തിച്ചിരുന്നു. കാലിനാണ് ഇവര്‍ക്ക് പരിക്ക്. അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ശനിയാഴ്ച പകല്‍ ഉന്നതി കോളനിക്ക് മുകള്‍ ഭാഗത്ത് വലിയ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് 22ഓളം കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. രാത്രി 10.20ഓടെ മണ്ണിടിയുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രക്ഷാ പ്രവര്‍ത്തരെത്തി സന്ധ്യയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ജെസിബി ഉപയോഗിച്ച് മണ്ണും കോണ്‍ക്രീറ്റ് പാളികളും നീക്കി. 3.27ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്..