കൊച്ചി: കേരള തീരത്ത് മത്തി കുഞ്ഞുങ്ങള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്നതിനിടെ, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ ) 10 സെ.മീറ്റര്‍ താഴെയുള്ള മത്തി കുട്ടികളെ പിടിക്കുന്നത് ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.
സിഎംഎഫ്ആര്‍ഐ പഠനങ്ങള്‍ പ്രകാരം, കഴിഞ്ഞകാലങ്ങളില്‍ ലഭിച്ച അനുകൂലമായ മഴയും കടലിന്റെ ഉയര്‍ന്ന ഉല്‍പാദനക്ഷമതയും മത്തി വന്‍തോതില്‍ ലഭിക്കാന്‍ കാരണമായി. എണ്ണത്തില്‍ വര്‍ധനവ് ഭക്ഷ്യലഭ്യതയെ കുറച്ചു, അതു വളര്‍ച്ചയെ ബാധിച്ചു.
എങ്കിലും, ”മത്തി ഇനി വളരില്ല” എന്ന വ്യാഖ്യാനം തെറ്റാണ് എന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് വ്യക്തമാക്കി. ചെറുമത്സ്യബന്ധനം പ്രോത്സാഹിപ്പിക്കരുത് എന്നും, ഉയര്‍ന്ന ഉല്‍പാദനക്ഷമത ഉള്ള തീരക്കടലുകളില്‍ എം എല്‍ എസ് പ്രകാരമുള്ള നിയന്ത്രിത മത്സ്യബന്ധനം വേണമെന്ന് കൂട്ടിച്ചേര്‍ത്തു.
മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. മത്തിയുടെ പ്രജനനത്തിനും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് നിര്‍ണായകമാണെന്നും സിഎംഎഫ്ആര്‍ഐ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തി ലഭ്യതയെ ദോഷകരമായി ബാധിക്കാന്‍ കാരണമാകുമെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ യു ഗംഗ പറഞ്ഞു.