അതേസമയം സ്വര്‍ണവിലയിലെ വമ്പന്‍ കുതിച്ചുച്ചാട്ടം നടന്നതിന് പിന്നാലെ ഉപയോക്താക്കള്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണം മാറ്റിവാങ്ങുന്ന ട്രെന്‍ഡ് വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. നവരാത്രി - ദീപാവലി സീസണില്‍ ഇത്തരത്തില്‍ വന്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ചാണ് നടന്നിരിക്കുന്നത്. ധന്‍തേരസ് ആഘോഷങ്ങള്‍ക്കിടയില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള തനിഷ്‌കില്‍ ആകെ സെയില്‍ വാല്യുവിന്റെ പകുതിയ്ക്ക് അടുത്താണ് സ്വര്‍ണം മാറ്റിവാങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 35 ശതമാനം മാത്രമായിരുന്നു. റിലയന്‍സ് റീടെയില്‍ പറയുന്നത്, ഇത്തവണ മൂന്നില്‍ ഒരു വില്‍പന ഗോള്‍ഡ് എക്‌സ്‌ചേഞ്ച് വഴിയാണെന്നാണ്. കഴിഞ്ഞവര്‍ഷത്തെ 22 ശതമാനത്തേക്കാള്‍ വലിയ മാറ്റമാണ് റിലയന്‍സില്‍ ഉണ്ടായിരിക്കുന്നത്. വില കൂടിയ കാരണത്താല്‍ പുതിയത് വാങ്ങുന്നതിനെക്കാള്‍ മികച്ച ഓപ്ഷനായി എക്‌സ്‌ചേഞ്ചിനെയാണ് കസ്റ്റമേഴ്‌സ് കാണുന്നതെന്ന് റിലയന്‍സ് റീടെയ്ല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദിനേശ് തലുജ പറയുന്നു. വില കൂടി നില്‍ക്കുന്നത് സ്വര്‍ണത്തിന്റെ പര്‍ച്ചേസ് പവറിനെ ബാധിക്കുന്നുണ്ട്. ഒരു സ്ഥിരത കൈവരിച്ചാല്‍ വ്യാപാരം കൂടുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
10 ഗ്രാമിന് 1.34ലക്ഷം രൂപ വരെ എത്തിയ സാഹചര്യമാണ് ഇന്ത്യയില്‍ വിപണയില്‍ ഒക്ടോബര്‍ 18ന് സംഭവിച്ചത്. ധന്‍തേരസ് ദിവസം മാത്രം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 69% കുതിച്ച് ചാട്ടമാണ് സ്വര്‍ണം വാങ്ങുന്ന നിരക്കില്‍ ഉണ്ടായത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യക്കാരുടെ കൈയില്‍ 22,000 ടണ്‍ നിഷ്‌ക്രിയ സ്വര്‍ണമാണ് ഉള്ളതെന്നാണ്. വിലകൂടിയതോടെ ഇത് മാറ്റി പുത്തന്‍ ഡിസൈന്‍ സ്വന്തമാക്കാനാണ് ആളുകളുടെ ധൃതി.