വീട്ടിലെ രണ്ടു ടാങ്കുകളിൽ നിന്നും ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു. വെൺകുളത്തെ ഓവർഹെഡ് ടാങ്കിൽ നിന്നും സാമ്പിൾ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചു. യുവതിയുടെ രണ്ടു മക്കളും അമ്മയുമാണ് വീട്ടിലുള്ളത്. ഭർത്താവ് വിദേശത്താണ്.
വീട്ടിലുള്ളവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. കഴിഞ്ഞമാസം 19-നാണ് യുവതി അസുഖബാധിതയായി ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
യുവതി പൊതുജലാശയങ്ങളിൽ കുളിച്ചിട്ടില്ലെന്നാണ് കുടുംബം വ്യക്തമാക്കിയത്. രോഗബാധയുടെ ഉറവിടം കണ്ത്താൻ പരിശോധനാഫലം ലഭിക്കണം. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു. ക്ലോറിനേഷൻ ഉൾപ്പെടെയുള്ളവ നടത്തും. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പഞ്ചായത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോഗം ചേരും.
ഇടവ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക്, കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഷാഹിം, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൽ ജലീൽ, ജെഎച്ച്‌ഐ ഷോം എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധന നടത്തിയത്