അതിശക്തമായ മഴ സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് ജാഗ്രത; അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത; അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത. എറണാകുളം,കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത. നാളെ ആറ് ജില്ലകളില്‍ മഞ്ഞ ജാഗ്രത.മഴയെ തുടർന്ന് ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. അരുണ്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.വൈകുന്നേരത്തോടെ പ്രദേശത്ത് അതിശക്തമായ മഴ പെയ്തിരുന്നു. ഈ മഴയിലാണ് അരുണിന്റെ വീടിന് പുറകിലായി മണ്ണിടിഞ്ഞത്. അരുണ്‍ മണ്ണിനടിയില്‍ ഭാഗികമായി അകപ്പെടുകയും ചെയ്തു. അരുണിന്റെ അര വരെയുള്ള ഭാഗം മണ്ണില്‍പൂണ്ടുപോയി. രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ മണ്ണിനടിയില്‍ നിന്ന് അരുണിനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. അരുണ്‍ നിലവില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേ സമയം കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കല്‍ തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത് മലപ്പുറം കൊണ്ടോട്ടിയില്‍ രണ്ടുപേര്‍ക്ക് മിന്നലേറ്റു. എക്കാപറമ്പില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടം‌. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.