ആലംകോട് ജ്വലറിയില്‍ നിന്ന് സ്വര്‍ണ മോഷണം; ജീവനക്കാരന്‍ അറസ്റ്റില്‍


 ആലംകോട് : ജീവനക്കാരെയും കസ്റ്റമേഴ്‌സിനെയും പറ്റിച്ച് ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ പുത്തൂര്‍ പൊന്നുക്കര സ്വദേശി സിജോ ഫ്രാന്‍സിസ് (41) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയിലെ ആലംകോട് പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയിലാണ് സംഭവം നടന്നത്. സ്വര്‍ണം കാണാതായതോടെ തോന്നിയ സംശയത്തില്‍ സിജോയുടെ പാന്റിന്റെ പോക്കറ്റിൽ ജീവനക്കാർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്വർണം കണ്ടെത്തിയത്.
പാന്റിന്റെ പോക്കറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയതോടെ ഇയാളുടെ മുറിയിലും പരിശോധന നടത്തി. അഞ്ച് ഗ്രാമോളം സ്വര്‍ണമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. സിജോ ഫ്രാന്‍സിസ് കുറച്ചധികം കാലമായി കടയില്‍ വരുന്ന കസ്റ്റമേഴ്‌സിനെ പറ്റിക്കുകയും കടയിലെ സ്റ്റോക്കില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഫ്രാന്‍സിസിനെ റിമന്‍ഡ് ചെയ്തു.