"തമിഴ്‌നാട്ടിൽ മോഷണം നടത്തിയശേഷം വിനോദസഞ്ചാരികൾക്കൊപ്പം വർക്കലയിലെത്തിയ മോഷ്ടാവ് പിടിയിലായി. കോയമ്പത്തൂർ സൗത്ത് കെമ്പട്ടി നഗറിൽ താമസിക്കുന്ന 26 വയസ്സുള്ള മണികണ്ഠൻ ആണ് പിടിയിലായത്. കോയമ്പത്തൂർ ഭാഗത്തെ സൂപ്പർമാർക്കറ്റ് കുത്തിത്തുറന്ന് 1.85 ലക്ഷം രൂപ കവർന്ന കേസിലെ പ്രധാനിയാണ് മണികണ്ഠൻ. മണികണ്ഠനോടൊപ്പം കവർച്ചാസംഘത്തിലുണ്ടായിരുന്ന 2പേരെ കോയമ്പത്തൂർ പോലീസ് പിടികൂടിയിരുന്നു.കോയമ്പത്തൂരിൽനിന്ന് വർക്കലയിലെത്തിയ വിനോദയാത്രാസംഘത്തോടൊപ്പമാണ് പ്രതി എത്തിയത്. മൊബൈൽഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി വർക്കലയിലെത്തിയെന്ന വിവരം കോയമ്പത്തൂർ പോലീസിനു ലഭിച്ചു. തുടർന്ന് അവരും വർക്കലയിലെത്തി. വർക്കല ടൂറിസം പോലീസ് ടൂറിസം മേഖലയിൽ വ്യാപകമായി തിരച്ചിൽ നടത്തി. തുടർന്ന് പാപനാശത്തെ സ്വകാര്യ റിസോർട്ടിൽനിന്നു പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോയമ്പത്തൂർ പോലീസിനു കൈമാറി"