ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെ (52 പന്തില്‍ പുറത്താവാതെ 46) ഇന്നിംഗ്‌സാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജോഷ് ഫിലിപ്പെ (37) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മാറ്റ് റെന്‍ഷോ (24 പന്തില്‍ 21) പുറത്താവാതെ നിന്നു. മോശം തുടക്കമായിരുന്നു ഓസീസിന്. രണ്ടാം ഓവറില്‍ തന്നെ ട്രാവിസ് ഹെഡിന്റെ (8) വിക്കറ്റ് ഓസീസിന് നഷ്ടമായി. അര്‍ഷ്ദീപിന്റെ പന്തില്‍ ഹര്‍ഷിത് റാണയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. തുടര്‍ന്നെത്തിയ മാത്യൂ ഷോര്‍ട്ടിനും (8) അധികം ആയുസുണ്ടായിരുന്നില്ല. എട്ട് റണ്‍സെടുത്ത താരത്തെ അക്‌സര്‍, രോഹിത് ശര്‍മയുടെ കൈകളിലേക്ക് പറഞ്ഞയച്ചു. പിന്നീട് മാര്‍ഷ് - ഫിലിപ്പെ സഖ്യം 55 റണ്‍സെടുത്തു. ഈ കൂട്ടുകെട്ടാണ് വിജയത്തില്‍ വഴിത്തിരിവായത്. ഫിലിപ്പെ മടങ്ങിയെങ്കില്‍ മാറ്റ് റെന്‍ഷോയെ () കൂട്ടുപിടിച്ച് മാര്‍ഷ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു.
രോ-കോ സഖ്യത്തിന് നിരാശ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്‌ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്റെ എക്‌സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ (8) സ്ലിപ്പില്‍ മാറ്റ് റെന്‍ഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല. ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്‌ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്‌ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്‌സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്.കോലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ നഥാന്‍ എല്ലിസിന്റെ ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഫിലിപ്പ് പറന്നുപിടിച്ചു. ഇതോടെ ഇന്ത്യ 25-3ലേക്ക് കൂപ്പുകുത്തി. 18 പന്ത് നേരിട്ട ഗില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്. പിന്നീട് മഴയപുടെ ഇടവേളക്കുശേഷം ശ്രേയസ് അയ്യരും അക്‌സര്‍ പട്ടേലും പ്രതീക്ഷ നല്‍കി പിടിച്ചു നിന്നെങ്കിലും സ്‌കോര്‍ 45ല്‍ നില്‍ക്കെ ശ്രേയസിനെ ഹേസല്‍വുഡ് മടക്കി.
രക്ഷകരായി രാഹുല്‍-അക്‌സര്‍ സഖ്യം
ഇതോടെ ഇന്ത്യ 45-4ലേക്ക് വീണെങ്കിലും രാഹുലും അക്‌സറും രക്ഷകരായി. 16.4 ഓവറില്‍ 52-4 എന്ന സ്‌കോറില്‍ മഴയുടെ ഇടവേളക്ക് ശേഷം ക്രീസിലെത്തിയ ഇന്ത്യക്കായി കെ എല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. രണ്ട് ഫോറും രണ്ട് സിക്‌സും രാഹുല്‍ പറത്തി. മികച്ച പിന്തുണ നല്‍കിയ അക്‌സര്‍ പട്ടേലിനെ ഇരുപതാം ഓവറില്‍ കുനെമാന്‍ മടക്കി. പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ (10) കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ 100 കടത്തി. 24-ാം ഓവറില്‍ സ്‌കോര്‍ 115ല്‍ നില്‍ക്കെ സുന്ദറും 25-ാം ഓവറില്‍ രാഹുലും മടങ്ങിയതിനുശേഷം നിതീഷ് കുമാര്‍ റെഡ്ഡിയുടെ (11 പന്തില്‍ 19) രണ്ട് സിക്‌സുകള്‍ ഇന്ത്യയെ 130 കടത്തി. ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍ എന്നിവര്‍ ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.