ശബരിമലയിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അനീഷ് (41) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് അനീഷ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്‌ച ഉച്ചയോടെ അനീഷിന്റെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു. ശരീരാവയവങ്ങൾ ദാനംചെയ്യാൻ നേരത്തെതന്നെ അനീഷ് സമ്മതിച്ചിരുന്നു. സഹോദരങ്ങളുടെ സമ്മതത്തോടെ അവയവദാന ശസ്‌ത്രക്രിയയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൂർത്തിയാക്കി. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്തതിലൂടെ എട്ടുപേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം വെള്ളറട മണ്ഡപത്തിൻകടവ് കുറ്ററയിലെ പരേതനായ രവീന്ദ്രൻ തമ്പിയുടെയും അംബികാദേവിയുടെയും മകനാണ് അനീഷ്. തൃശൂർ, വിയ്യൂർ ജയിലുകളിൽ ജോലി ചെയ്‌തു. സഹോദരങ്ങൾ: ലക്ഷ്‌മി, അഞ്ജു.