വർക്കലയിൽ ഓട്ടോറിക്ഷയിലെത്തി സൈക്കിൾ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ കള്ളന്മാർ പോലീസിന്റെ പിടിയിലായി

വർക്കലയിൽ ഓട്ടോറിക്ഷയിലെത്തി സൈക്കിൾ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ കള്ളന്മാർ പോലീസിന്റെ പിടിയിലായി

വർക്കല ചിലക്കൂർ കനാൽപുറമ്പോക്കിൽ 
ഫർസാന മൻസിലിൽ 40 വയസ്സുള്ള സബീർ , വർക്കല പെരുംകുളം പുതുവൽ വീട്ടിൽ 45 വയസ്സുള്ള നസീർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

വർക്കല മുട്ടപ്പലം മുരിങ്ങവിള വീടിൻറെ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ആറാം ക്ലാസുകാരൻ്റെ വിലകൂടിയ സൈക്കിൾ ഓട്ടോറിക്ഷയിൽ എത്തിയ കള്ളന്മാർ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ തന്നെ കയറ്റി രക്ഷപ്പെടുകയായിരുന്നു.  

കുട്ടിയുടെ മാതാവിൻ്റെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു. 

പ്രദേശത്തെ നിരീക്ഷണ ക്യാമറകളും , ഓട്ടോറിക്ഷ കേന്ദ്രീകരിച്ചും, മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലു മാണ് കള്ളന്മാരെ പോലീസ് കുടുക്കിയത്.

പോലീസ് തങ്ങളുടെ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ കള്ളന്മാർ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. 

സിം കാർഡുകൾ മാറി മാറി ഉപയോഗിച്ചിരുന്നെങ്കിലും ഫോൺ മോഷ്ടാക്കൾ ഉപേക്ഷിച്ചിരുന്നില്ല. തുടർന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികൾ മോഷണത്തിന് ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും ആയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.

മോഷണം നടന്ന് 10 ദിവസം പിന്നിട്ടതിന് ശേഷം പിടികൂടിയ മോഷ്ടാക്കളെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. 

പ്രതികൾക്ക് കോടതി കർശന ഉപാധികളുടെ ജാമ്യം അനുവദിച്ചു.