സ്‌കൂളുകളും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക്; ഫീസ് യുപിഐ വഴി അടയ്ക്കാം


ന്യൂഡല്‍ഹി: വിദ്യാഭ്യാസ രംഗത്തെ ആധുനികവല്‍ക്കരണത്തിനും സുതാര്യതയ്ക്കുമായി രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നീക്കം തുടങ്ങി. സ്‌കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.

മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്. ഫീസ് അടയ്ക്കല്‍ പ്രക്രിയയിലെ സുതാര്യത വര്‍ധിപ്പിക്കാനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനുമാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കിയാല്‍, മാതാപിതാക്കള്‍ക്ക് വീട്ടില്‍നിന്ന് തന്നെ ഫീസ് അടയ്ക്കാന്‍ കഴിയുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ ഫോണുകളിലൂടെയോ കമ്പ്യൂട്ടറിലൂടെയോ യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് ഫീസ് അടയ്ക്കാനാവും. ഇതിലൂടെ സമയം ലാഭിക്കുകയും പണമിടപാടുകളുടെ സുതാര്യത ഉറപ്പാക്കുകയും ചെയ്യും.


കൂടാതെ, എന്‍സിആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് പോലുള്ള സ്വയംഭരണ സ്ഥാപനങ്ങളും ഈ സംവിധാനം സ്വീകരിക്കണമെന്ന് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു.