മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്; അവസാനഘട്ട പരിശോധനകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌ക് നയിക്കുന്ന സ്‌പേസ് എക്‌സ് സ്ഥാപനം അവതരിപ്പിച്ച സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് അടുത്ത വര്‍ഷം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നു. രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുള്ള അവസാനഘട്ട സാങ്കേതിക പരിശോധനകളും അനുമതികളും നിലവില്‍ പുരോഗമിക്കുകയാണ്.

ഗ്രാമപ്രദേശങ്ങളിലേക്കും മലയോര മേഖലകളിലേക്കും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിനുള്ള കഴിവാണ് ഈ സാങ്കേതികവിദ്യയുടെ പ്രധാന ആകര്‍ഷണം. കേന്ദ്രസര്‍ക്കാറിന്റെ പ്രധാന അനുമതികള്‍ ഇതിനകം ലഭിച്ചുകഴിഞ്ഞു. ടെലികോം വകുപ്പിന്റെ ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് ലൈസന്‍സ് സ്റ്റാര്‍ലിങ്ക് നേടിയിട്ടുണ്ട്. ഇനി സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ അനുമതിയും സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട നടപടികളുമാണ് ബാക്കി.

വിദഗ്ധരുടെ കണക്കനുസരിച്ച്, 2025 അവസാനം എല്ലാ അനുമതികളും ലഭിച്ച് സേവനം ഔദ്യോഗികമായി ആരംഭിക്കാനാണ് സാധ്യത.

സര്‍ക്കാര്‍, നിലവിലുള്ള ടെലികോം സേവനദാതാക്കളുമായുള്ള വ്യവസായ സന്തുലനം നിലനിര്‍ത്തുന്നതിനായി സ്റ്റാര്‍ലിങ്കിന് ആദ്യഘട്ടത്തില്‍ ഏകദേശം 20 ലക്ഷം കണക്ഷനുകള്‍ വരെ മാത്രമേ അനുവദിക്കൂ. കേബിളുകളോ ടവറുകളോ ആവശ്യമില്ലാത്ത സാറ്റലൈറ്റ് അടിസ്ഥാന സൗകര്യം കാരണം സേവനം വേഗത്തില്‍ ജനപ്രീതി നേടാനിടയുണ്ട്.

സ്റ്റാര്‍ലിങ്ക് സേവനം ഉപയോഗിക്കുന്നതിനുള്ള ഹാര്‍ഡ്വെയര്‍ കിറ്റിന് ?30,000 മുതല്‍ ?33,000 വരെ വില പ്രതീക്ഷിക്കപ്പെടുന്നു. അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാനുകളുടെ പ്രതിമാസ നിരക്ക് ?3,000 മുതല്‍ ?4,200 വരെ ആയിരിക്കും. ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തെ സൗജന്യ ട്രയല്‍ നല്‍കുന്നതിനുള്ള പദ്ധതിയും കമ്പനി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.