ഇന്ത്യൻ പരസ്യലോകത്തെ ഇതിഹാസം പീയൂഷ് പാണ്ഡെ അന്തരിച്ചു

വേറിട്ട നിരവധി പരസ്യ ചിത്രങ്ങളിലൂടെ ഇന്ത്യൻ പരസ്യ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ച പരസ്യ ചിത്രങ്ങളുടെ സംവിധായകൻ പീയൂഷ് പാണ്ഡെ (70) അന്തരിച്ചു. ​

കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫെവികോൾ തുടങ്ങിയ പ്രമുഖ കമ്പനികളുടെ ജനപ്രിയ പരസ്യങ്ങളുടെ പിന്നിൽ പ്രവർത്തിച്ചത് പീയുഷ് പാണ്ഡെയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിലായി ഇന്ത്യൻ പരസ്യ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു പീയൂഷ് പാണ്ഡെ. നിലനിന്നിരുന്ന രാജ്യത്തെ പരസ്യമേഖലയെ പാടെ ഉടച്ചുവാർക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങൾ. പാശ്ചാത്യ പരസ്യങ്ങളുടെയും ആശയങ്ങളുടെയും സ്വാധീനത്തിലായിരുന്ന ഇന്ത്യൻ പരസ്യങ്ങളിൽ വ്യത്യസ്തമായ ഒരു തദ്ദേശീയ സ്വാധീനം രൂപപ്പെടുത്തിയതിന്റെ ബഹുമതി പീയൂഷ് പാണ്ഡെയ്ക്ക് അവകാശപ്പെട്ടതാണ് . ഓഗിൽവി എന്ന ആഗോള പരസ്യ കമ്പനിയുടെ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്നു അദ്ദേഹം.
1982ലാണ് ഒ​ഗിൾവെ കമ്പനിയിൽ പാണ്ഡെ ചേരുന്നത്. അവിടെ വെച്ചാണ് സൺലൈറ്റ് ഡിറ്റർജന്റിനായി ആദ്യ പരസ്യം തയ്യാറാക്കുന്നത്. ആറ് വർഷങ്ങൾക്ക് ശേഷം കമ്പനിയുടെ ക്രിയേറ്റീവ് ഡിപ്പാർട്ട്മെന്റിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം അവിടെ വെച്ച് നിർമിച്ച പരസ്യങ്ങളെല്ലാം ആ​ഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാൻസർ രോഗികളുടെ അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണം, ഇന്ത്യൻ ടൂറിസത്തിനായുള്ള പ്രചാരണങ്ങൾ, “അച്ഛേ ദിൻ ആനേ വാലേ ഹേ” എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തോടെ അമിതാഭ് ബച്ചനൊപ്പം പോളിയോ പരസ്യ കാമ്പെയ്ൻ , ഫെവിക്കോൾ പരസ്യ കാമ്പെയ്‌നുകൾ – ഫെവിക്കോൾ ബസ്, ഫെവിക്കോൾ ഫിഷ്, “ടോഡോ നഹിൻ, ജോഡോ” പോലുള്ള ഫെവിക്വിക് പരസ്യ കാമ്പെയ്‌നുകൾ,
ഗൂഗ്ലി വൂഗ്ലി വൂഷ് – പോണ്ട്സ് ആഡ് , ചൽ മേരി ലൂണ, “കുച്ച് ഖാസ് ഹേ” പോലെയുള്ള കാഡ്ബറി ഡയറി മിൽക്ക് പരസ്യ കാമ്പെയ്‌നുകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ശ്രദ്ദേയമായ സംഭാവനകളിൽ ചിലതാണ്.
തുടർച്ചയായി എട്ട് വർഷം ഇന്ത്യൻ പരസ്യരംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ദി ഇക്കണോമിക് ടൈംസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. എൽഐഎ ലെജൻഡ് അവാർഡ് നേടി . 2000-ൽ, മുംബൈയിലെ ആഡ് ക്ലബ് ഫെവിക്വിക്കിനുള്ള അദ്ദേഹത്തിന്റെ പരസ്യത്തെ നൂറ്റാണ്ടിന്റെ പരസ്യമായും കാഡ്ബറിക്കിനായുള്ള അദ്ദേഹത്തിന്റെ വർക്കുകൾ നൂറ്റാണ്ടിന്റെ മികച്ച പരസ്യ ചിത്രങ്ങളായും തിരഞ്ഞെടുത്തു . 2002-ലെ മീഡിയ ഏഷ്യ അവാർഡുകളിൽ പാണ്ഡെയെ ഏഷ്യയുടെ ക്രിയേറ്റീവ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. കാൻസിൽ ഇരട്ട സ്വർണ്ണവും (കാൻസർ പേഷ്യന്റ്സ് അസോസിയേഷന്റെ പുകവലി വിരുദ്ധ പ്രചാരണത്തിന്) ലണ്ടൻ ഇന്റർനാഷണൽ അവാർഡുകളിൽ ട്രിപ്പിൾ ഗ്രാൻഡ് പ്രൈസും നേടിയ ഏക ഇന്ത്യക്കാരനാണ് അദ്ദേഹം. 2010 ൽ അഡ്വർടൈസിംഗ് ഏജൻസിസ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് പാണ്ഡെയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചു. 2012 ൽ മികച്ച പ്രവർത്തനത്തിനും സൃഷ്ടിപരമായ നേട്ടങ്ങൾക്കും പീയുഷ് പാണ്ഡെ ക്ലിയോ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി. 2018 ജൂണിൽ, പീയുഷ് പാണ്ഡെയും സഹോദരൻ പ്രസൂൺ പാണ്ഡെയും (കോർകോയിസ് ഫിലിംസ്) ഫ്രാൻസിലെ കാൻ പരസ്യമേളയിൽ സെന്റ് മാർക്കിന്റെ ലയൺസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടി.
ഭാര്യ: നിത പാണ്ഡെ. ചലച്ചിത്ര സംവിധായകൻ പ്രസൂൺ പാണ്ഡെ, ഗായികയും അഭിനേത്രിയുമായ ഇള പാണ്ഡെ എന്നിവർ സഹോദരങ്ങളാണ്.