ഐടി ജീവനക്കാരിയെ പീഡിപ്പിച്ച സംഭവം: ഇന്ന് തെളിവെടുപ്പ് നടത്തും

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐ.ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. അതേസമയം പ്രതി ഹോസ്റ്റലില്‍ കയറിയത് മോഷ്ടിക്കാനാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പ്രദേശത്തെ രണ്ട് വീടുകളില്‍ പ്രതി മോഷണത്തിന് കയറിയിരുന്നു. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും.

പ്രതിയെ മധുരയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ലോറി ഡ്രൈവര്‍ കൂടിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്നു യുവതിയെഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹോസ്റ്റലിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്. ഞെട്ടിയുണര്‍ന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു.


അതേസമയം പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്.