സെഞ്ച്വറിയില്‍ സച്ചിനൊപ്പം, മത്സരത്തിലെയും പരമ്പരയിലെയും താരം; സിഡ്നിയില്‍ പക്കാ ഹിറ്റ്മാന്‍ ഷോ

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടി ഫോമിലേക്ക് ഉയർന്നിരിക്കുകയാണ് ഇന്ത്യയുടെ മുൻ‌ ക്യാപ്റ്റൻ രോഹിത് ശർമ. സി‍ഡ്നിയിൽ നടന്ന മത്സരത്തിൽ 105 പന്തിലാണ് ഹിറ്റ്മാൻ മൂന്നക്കം തൊട്ടത്. 125 പന്തിൽ 121 റൺസെടുത്ത് പുറത്താകാതെ നിന്ന രോഹിത്താണ് മത്സരത്തിലെയും പരമ്പരയുടെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് സിക്സും 13 ബൗണ്ടറികളുമാണ് ഹിറ്റ്മാന്റെ ബാറ്റിൽ നിന്ന് പിറന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ രോഹിത്തിൻ‌റെ 50-ാം സെഞ്ച്വറിയാണ് ഇന്ന് സി‍ഡ്നിയിൽ പിറന്നത്. ഏകദിനത്തില്‍ മാത്രം 33 സെഞ്ചുറി നേടിയ രോഹിത് ടെസ്റ്റില്‍ 12 സെഞ്ചുറിയും ടി20യില്‍ അഞ്ച് സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന സന്ദര്‍ശക ബാറ്ററെന്ന റെക്കോർഡും രോഹിത് സ്വന്തം പേരിലെഴുതിച്ചേർത്തു. 33 ഇന്നിംഗ്‌സില്‍ നിന്ന് ആറ് സെഞ്ച്വറികളാണ് രോഹിത്ത് അടിച്ചുകൂട്ടിയത്. 32 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച് സെഞ്ച്വറി നേടിയ വിരാട് കോലി, കുമാര്‍ സംഗക്കാര (49 ഇന്നിംഗ്‌സില്‍ നിന്ന് അഞ്ച്) എന്നിവരെയാണ് രോഹിത് മറികടന്നത്.
ഓസ്ട്രേലിയയ്ക്കെതിരെ രോഹിത് നേടുന്ന ഒൻപതാമത് സെഞ്ച്വറിയാണിത്. ഇതോടെ ഓസ്‌ട്രേലിയക്കെതിരെ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമെന്ന റെക്കോർഡിൽ‌ ഇന്ത്യൻ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താനും രോഹിത്തിന് സാധിച്ചു. ഇരുവരും ഓസ്‌ട്രേലിയക്കെതിരെ ഒമ്പത് സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.