ഒടുവില്‍ കല്യാണി പ്രിയദര്‍ശന്റെ ലോക ഒടിടിയില്‍ എത്തി

ഒടുവില്‍ ലോക ഒടിടിയില്‍ എത്തി.
കല്യാണി പ്രിയദര്‍ശൻ നായികയായി വന്ന ചിത്രം ആണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ലോക ചാപ്റ്റര്‍ 1 ചന്ദ്ര സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ലോക സിനിമ സ്‍ട്രീം ചെയ്യുന്നത്. ഇപ്പോഴും ലോക തിയറ്ററുകളില്‍ തുടരുന്നുമുണ്ട്.
മലയാള സിനിമയുടെ അഭിമാന വിജയമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര. മലയാളത്തില്‍ നിന്നുള്ള പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രത്തില്‍ ഒരു നായിക ടൈറ്റില്‍ കഥാപാത്രമായി വന്നതുതന്നെ പുതുമയായിരുന്നു. വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. എന്നാല്‍ റിലീസ് ദിനത്തില്‍ത്തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം നേടിയതോടെ ചിത്രത്തിന് ബോക്സ് ഓഫീസില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എന്ന് മാത്രമല്ല, ആ ബോക്സ് ഓഫീസ് കുതിപ്പ് ചരിത്രവുമായി. മലയാള സിനിമയെ സംബന്ധിച്ച് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയെ സംബന്ധിച്ചും ഒരു റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. തെന്നിന്ത്യയില്‍ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇതുവരെ ഇടംപിടിച്ചിരുന്നില്ല. അപ്പോഴാണ് ലോക ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി നേടി മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയത്.

ഒടിടിയില്‍ എത്തുന്നതിന് മുന്‍പ് ചിത്രം നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. തിയറ്റര്‍ റിലീസിന്‍റെ 65-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് (ഇന്നലെ വരെ) ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്. ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 119.9 കോടിയും ചിത്രം നേടി. എല്ലാം ചേര്‍ത്ത് ഇതുവരെ നേടിയ ആഗോള ഗ്രോസ് 303.57 കോടിയാണ്.
സൂപ്പര്‍ഹീറോ ജോണര്‍ ആയതിനാലും മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചാവിഷയം ആയിരുന്നതിനാലും ഒടിടിയിലും ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ കാത്തിരിപ്പ് ഉയര്‍ന്നിട്ടുണ്ട്. ടൊവിനോ തോമസ് നായകനാവുന്ന ചാത്തന്‍ ആണ് ലോക ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം. അതിന് ശേഷം ദുല്‍ഖര്‍, മമ്മൂട്ടി ചിത്രങ്ങളും വരും.