തലസ്ഥാനത്ത് മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; എസ്എച്ച്ഒ കസ്റ്റഡിയിൽ


തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വച്ചാണ് സംഭവം. കന്‍റോണ്‍മെന്‍റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്ത

നഗരത്തിൽ വെച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിലാണ് ആദ്യം ഇടിച്ചത്. തന്‍റെ സ്വകാര്യ വാഹനത്തിലാണ് എസ്എച്ച്ഒ വന്നത്. ഇന്നലെ മുതൽ മെഡിക്കൽ ലീവിലായിരുന്നു എസ്എച്ച്ഒ. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ വന്ന വാഹനത്തിൽ ഇടിച്ച സംഭവം പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. ഇതിനുപിന്നാലെ പിഎംജിയിൽ വെച്ച് വീണ്ടും മറ്റൊരു വാഹനത്തിൽ ഇടിച്ചു. തുടര്‍ന്നാണ് കന്‍റോണ്‍മെന്‍റ് പൊലീസ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാര്‍ കണ്‍ട്രോള്‍ റൂമിൽ അറിയിച്ചത് അനുസരിച്ചാണ് പൊലീസെത്തി പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.