ന്യൂഡല്‍ഹി: ദീപാവലിക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. വായു ഗുണനിലവാര സൂചിക ‘വളരെ മോശം’ വിഭാഗത്തിലാണ് തുടരുന്നത്. ദീപാവലിക്കിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കാന്‍ പ്രധാന കാരണം.
മലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഈ മാസം 24, 26 തീയതികളിലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ പദ്ധതി. അതേസമയം, ആരോഗ്യ വകുപ്പ് എല്ലാവരും മാസ്‌ക് ധരിക്കണമെന്നും, രോഗികള്‍ വീട്ടില്‍ കഴിയണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി മുമ്പ് ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് പല സ്ഥലങ്ങളിലും പാലിക്കപ്പെട്ടില്ല. കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും പടക്ക വിപണികള്‍ സജീവമായിരുന്നു, കുട്ടികള്‍ക്കായുള്ള പടക്കങ്ങളില്‍ നിന്ന് വിദേശ നിര്‍മ്മിത വെറൈറ്റികളുവരെ എളുപ്പത്തില്‍ ലഭ്യമായിരുന്നു. ഇതിന് അധികാരികളുടെ നിരാലസതയാണെന്ന് വിമര്‍ശനം ഉയരുന്നു.
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത് പോലെ, മോശം വായുവില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് ശ്വാസകോശശേഷി കുറയ്ക്കുകയും, ദീര്‍ഘകാല ശ്വസന സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഇത് ശ്വാസതടസ്സം, ശ്വാസംമുട്ടല്‍, ചുമ, തലവേദന, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്: പുറത്തേക്ക് പോകുമ്പോള്‍ എന്‍95 അല്ലെങ്കില്‍ എന്‍99 മാസ്‌ക് ധരിക്കണം, അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഉപദേശിച്ചു.