ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യ നാളെ മൂന്നാം ഏകദിനത്തിന് ഇറങ്ങുന്നു

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യ നാളെ മൂന്നാം ഏകദിനത്തിന് ഇറങ്ങുകയാണ്. ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്ക് സിഡ്‌നിയിലാണ് മത്സരം. പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. അഡ്‌ലെയ്ഡില്‍ രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. നാളെ ആശ്വാസജയത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാന മത്സരത്തിന് ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

രണ്ട് ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ ഫോമിലാണെന്ന് തെളിയിച്ചു. രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഓപ്പണ്‍ ചെയ്യാനെത്തും. മൂന്നാമതായി കോലി. ആദ്യ രണ്ട് ഏകദിനത്തിലും പൂജ്യത്തിന് പുറത്തായ കോലി ഫോമിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. സിഡ്‌നിയില്‍ അത് സംഭവിക്കുമെന്ന് തന്നെയാണ് ആരാധകരുടെ കണക്കുകൂട്ടല്‍. അഡ്‌ലെയ്ഡില്‍ അര്‍ധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യര്‍ നാലാം സ്ഥാനത്ത്. രണ്ട് ഏകദിനത്തിലും അഞ്ചാമത് ഇറങ്ങി ഫോം തെളിയിച്ച അക്‌സര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്ത് തുടരും.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍ ആറാം സ്ഥാനത്തും. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ടീമിലുള്ള ധ്രുവ് ജുറല്‍ ഏകദിന അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ബാറ്റിംഗില്‍ മോശം തുടരുന്ന വാഷിംഗ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാനുള്ള സാധ്യത കാണുന്നുണ്ട്. അങ്ങനെ വന്നാല്‍ നിതീഷ് കുമാര്‍ റെഡ്ഡി, രാഹുലിന് ശേഷം ക്രീസിലെത്തും. പേസ് ഡിപ്പാര്‍ട്ട്‌മെന്റിലും മാറ്റമുണ്ടായേക്കും. രണ്ടാം ഏകദിനത്തില്‍ റണ്‍സ് വഴങ്ങിയ ഹര്‍ഷിത് റാണയ്ക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയേക്കും. മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിംഗും ടീമില്‍ തുടരും.