പെര്‍ത്തില്‍ മഴ വില്ലനായി, ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനത്തിലെ ഓവ‍റുകള്‍ വെട്ടിക്കുറച്ചു

പെര്‍ത്ത്: ഇടക്ക് പെയ്ത മഴമൂലം ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പയിലെ ആദ്യ മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ചു. മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ ഒമ്പതാം ഓവറില്‍ 25-3 എന്ന നിലയില്‍ പതറുമ്പോഴാണ് ആദ്യം മഴയെത്തിയത്. മഴമൂലം കുറച്ചുനേരം കളി നിര്‍ത്തിവെച്ചു. മഴ മാറി വീണ്ടും ഇന്ത്യ ബാറ്റിംഗനിറങ്ങിയപ്പോള്‍ ഒരോവര്‍ വെട്ടിക്കുറച്ച് മത്സരം 49 ഓവര്‍ വീതമാക്കി.എന്നാല്‍ 11.5 ഓവര്‍ കഴിഞ്ഞതിന് പിന്നാലെ വീണ്ടും മഴയെത്തി. ഇതോടെ മത്സരം വീണ്ടും നിര്‍ത്തിവെച്ചു. മഴ മൂലം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. മഴ മാറി മത്സരം പുനരാരംഭിക്കുമ്പോള്‍ വീണ്ടും ഓവറുകള്‍ വെട്ടിക്കുറക്കാന്‍ സാധ്യതയുണ്ട്. ഏഴ് റണ്‍സോടെ അക്സര്‍ പട്ടേലും ആറ് റണ്‍സോടെ ശ്രേയസ് അയ്യരുമാണ് ക്രീസില്‍. രോഹിത് ശര്‍മ(8), വിരാട് കോലി(0), ശുഭ്മാന്‍ ഗില്‍(10) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡും മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമില്‍ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഏകദിന അരങ്ങേറ്റം നടത്തിയപ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും പ്ലേയിംഗ് ഇലവനിലെത്തി.പേസര്‍മാരായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷാ, കൂപ്പർ കോണോലി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.