റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി വർക്കലയിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു

വർക്കല : റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വർക്കല ശിവഗിരി ചെറുകുന്നം ഗോകുലത്തിൽ സുരേഷ് ഉത്തമനാ(55)ണ് മരിച്ചത്. വർക്കല മുണ്ടയിൽ ക്ഷേത്രം റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40-നായിരുന്നു അപകടം. റോഡിലെ ഓടയ്ക്കു മുകളിലായി പുതുതായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലൂടെ വലിയ വാഹനങ്ങൾ കയറാതിരിക്കുന്നതിനായി റിബണും കയറും കെട്ടിയിരുന്നു. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്നതിനായി റോഡിന്റെ ഒരു വശത്ത് സൗകര്യമൊരുക്കിയിരുന്നു.
കൂടാതെ ബൈക്ക് യാത്രികരെ കടത്തിവിടുന്നതിനായി ഒരു ജീവനക്കാരനെയും കരാറുകാർ നിയോഗിച്ചിരുന്നു. സുരേഷ് ഉത്തമൻ ബൈക്കിൽ ഇതുവഴി സഞ്ചരിക്കുമ്പോൾ കയർ ശ്രദ്ധയിൽപ്പെടാതെ അതിൽ തട്ടി നിയന്ത്രണംതെറ്റി വീഴുകയായിരുന്നു.
നിയന്ത്രണത്തിനായി നിയോഗിച്ച ജീവനക്കാരനും അപകടസമയം അവിടെയില്ലായിരുന്നു. പരിക്കേറ്റ് അല്പസമയം റോഡിൽ കിടന്ന സുരേഷ് ഉത്തമനെ നാട്ടുകാരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുരേഷ് ഉത്തമൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ശിവസേനയുടെ സംസ്ഥാന സമിതിയംഗമായിരുന്നു സുരേഷ് ഉത്തമൻ. അച്ഛൻ: ഉത്തമൻ. അമ്മ: പ്രഭാവതി. ഭാര്യ: സ്വപ്ന. മക്കൾ: സുരഭി, ഉമാമഹേശ്വരി. മരുമകൻ: അനൂപ്."