വയലാറിന്റെ വരികളെ ഹൃദയത്തിലേക്കാണ് ഓരോ മലയാളികളും തുന്നിച്ചേർത്തത്. വരികളുടെ ആസ്വാദനതലത്തിന് വ്യത്യസ്ത മാനങ്ങൾ നൽകി. സന്തോഷങ്ങളിൽ ആ വരികൾ ആനന്ദം ഇരട്ടിയാക്കി, സന്ദാപങ്ങളിലും ഏകാന്തതയിലും അവ നമുക്ക് കൂട്ടിരുന്നു. ഹൃദയത്തിലേക്ക് ആവാഹിച്ച് കുടിയേറ്റിയ വരികളെ ആവശ്യാനുസരണം കെട്ടുപൊട്ടിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടു. അതിന്റെ അലയൊലികളിൽ ഒഴുകിനടക്കാനായിരുന്നു മലയാളികൾക്ക് എന്നും ഇഷ്ടം. തലമുറകളുടെ കവിയാണ് വയലാർ. കാലഭേദമില്ല, പ്രായഭേദമില്ല, എല്ലാവരുടെയും പ്രിയപ്പെട്ട വയലാർ.തലമുറഭേദമില്ലാത്ത ആസ്വാദകർ വയലാറിന്റെ കവിതകളും ഗാനങ്ങളും നെഞ്ചോടുചേർത്തു എന്നതാണ് യാഥാർത്ഥ്യം. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് വയലാർ അത്ഭുതാവഹമായ സംഭാവനകളാണ് സമ്മാനിച്ചത്, അതിനെ ജനകീയമാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നു. എഴുത്തിന്റെ, അക്ഷരങ്ങളുടെ ഇന്ദ്രജാലംകൊണ്ട് നമ്മളെ ഇന്നും അദ്ദേഹം അത്ഭുതപ്പെടുത്തുന്നു.
മരിക്കുമ്പോൾ 47 വയസായിരുന്നു വയലാറിന് പ്രായം. എന്തിനായിരുന്നു ഇത്ര തിടുക്കമെന്ന് 50 വർഷങ്ങൾക്കിപ്പുറവും ആസ്വാദകർ ചോദിച്ചുപോവുകയാണ്. കൊതിതീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? എന്ന അദ്ദേഹത്തിന്റെ വരികൾ ചിലപ്പോൾ അതിന് ഉത്തരം നൽകുന്നുണ്ടാകും. കവിതയേക്കാളുപരി ചലച്ചിത്ര ഗാനങ്ങളാണ് വയലാർ എഴുതിയത്. എന്നാൽ അവയിലെല്ലാം കവിതയുടെ ചിലമ്പൊലി കേൾക്കാനാകും.
ദേവരാജൻ മാസ്റ്റർ ഉൾപ്പെടെയുള്ള സംഗീത സംവിധായകർ ഈണവും താളവും പകർന്നപ്പോൾ വരികൾക്ക് ഭംഗിയേറി. വയലാറിലെ കാമുകഹൃദയത്തെ തൊടാത്ത മലയാളികളില്ലെന്ന് പറയാം. പ്രണയത്തിന് എപ്പോഴും ഒരു വയലാർ തലമുണ്ടെന്ന് പറയാറുണ്ട്. പ്രണയിനിയെ ചക്രവർത്തിനി എന്നുവിളിക്കുന്ന വയലാർ. ചിലപ്പോൾ തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി, കായാമ്പൂ കണ്ണിൽ വിടരുന്നവൾ, പ്രണയഭാജനത്തെ ഇങ്ങനെയൊക്കെ വിളിക്കാൻ വയലാറിനല്ലതെ മറ്റാർക്ക് കഴിയും.
അതേ പ്രണയകവിക്ക് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്നും എഴുതാനായി. എത്രയോ വിപ്ലവവരികളും ആ തൂലികയിൽനിന്ന് പിറന്നുവീണു. സഖാക്കളേ മുന്നോട്ട്, ബലികുടീരങ്ങളേ എന്നീ ഗാനങ്ങൾ മറക്കാനാകുമോ? വിപ്ലവ സൂര്യനെന്നും നമുക്ക് വയലാറിനെ വിളിക്കാം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചചരിത്രവുമുണ്ട് അദ്ദേഹത്തിന്. വയലാറിന്റേതായി അനേകം നാടകഗാനങ്ങളുമുണ്ട്. കാലങ്ങൾക്ക് മുൻപേനടന്ന പ്രതിഭാശാലിയെന്ന വിശേഷണവും വയലാറിന് സ്വന്തം.
തന്റെ എഴുത്തിലൂടെ സാധാരണക്കാരായ മനുഷ്യരെ ഉദ്ബോധിപ്പിക്കാൻ വയലാറിനായി. ‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും, മാനിക്കയില്ല ഞാന്‍ മാനവമൂല്യങ്ങള്‍ മാനിച്ചിടാത്തൊരു നീതിശാസ്ത്രത്തെയും’ എന്ന് സധൈര്യം കുറിച്ച കവി. മനോഹരമായൊരു തീരത്ത് ഇനിയൊരു ജന്മംകൂടി തരുമോ എന്ന് ചോദിച്ച കവി ഒന്നിനും കാത്തുനിൽക്കാതെ പൊടുന്നനെ വിടവാങ്ങി. പക്ഷേ ആ വരികൾക്ക്, പാട്ടുകൾക്ക് മരണമില്ലല്ലോ.