95000 കടക്കുമോ പൊന്ന്? ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 94,520 രൂപയാണ്. ഗ്രാമിന് 11,815 രൂപ. ഒക്ടോബര്‍ മൂന്നിലെ 86,560 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവില 95,000ലേക്ക് അടുക്കുകയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ ഔൺസിന് 4163 ഡോളറാണ്. വൈകാതെ 4500 ഡോളറില്‍ എത്തുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ വില ഒരു ലക്ഷം കവിയും.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 12,944 രൂപയും, പവന് 1003552 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 9,708 രൂപയും പവന് 77,664 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 206 രൂപയും കിലോഗ്രാമിന് 2,06,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.
ആഗോള തലത്തിലെ സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വർദ്ധിച്ച പണപ്പെരുപ്പ ഭീതി, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടായ തുടർച്ചയായ ഇടിവ് തുടങ്ങിയ ഘടകങ്ങളാണ് നിക്ഷേപകരെ സ്വർണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ച് വില ഉയർത്തുന്നത്. വില കുതിച്ചുയർന്നതോടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നതിൽ വലിയ കുറവ് രേഖപ്പെടുത്തി. വിൽപന ഇടിഞ്ഞതോടെ സംസ്ഥാനത്തെ സ്വർണ വ്യാപാര മേഖല കനത്ത പ്രതിസന്ധിയിലാണ്.