4 കെയില്‍ ഇനി എത്തുന്നത് 'അച്ചൂട്ടി'; 'അമരം' റീ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി റീ റിലീസിന് ഒരുങ്ങുന്നു. ഭരതന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി 1991 ല്‍ പുറത്തെത്തിയ ക്ലാസിക് ചിത്രം അമരമാണ് പ്രേക്ഷകര്‍ക്ക് ഒരിക്കല്‍ക്കൂടി ബിഗ് സ്ക്രീന്‍ അനുഭവം പകരാന്‍ എത്തുന്നത്. ചിത്രം റീ റിലീസിന് തയ്യാറെടുക്കുന്നതായ റിപ്പോര്‍ട്ടുകള്‍ നേരത്തേ എത്തിയിരുന്നു. എന്നാല്‍ ചിത്രം എപ്പോള്‍ കാണാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിന്‍റെ റീ റിലീസ് തീയതി തീരുമാനിക്കപ്പെട്ടിരിക്കുകയാണ്. നവംബര്‍ 7 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
മമ്മൂട്ടിയും മുരളിയും അശോകനും മാതുവുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന അഭിനയ പ്രതിഭയുടെ ഏറ്റവും ശ്രദ്ധേയമായ പത്ത് കഥാപാത്രങ്ങളെ എടുത്താല്‍ അതില്‍ അമരത്തിലെ അച്ചൂട്ടി ഉണ്ടാവും. 34 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മകള്‍ മുത്തും വീണ്ടും തിയറ്ററുകളില്‍ എത്തുന്നത് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെയാണ്. മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു അമരം. ചെമ്മീനിനു ശേഷം മലയാളത്തില്‍ കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞ മനോഹര ചിത്രം. ലോഹിതദാസിന്റെ തിരക്കഥയിലാണ് മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ ആയിരുന്ന ഭരതന്‍ ചിത്രമൊരുക്കിയത്. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ ക്യാമറക്കണ്ണിലൂടെയാണ് മലയാളികള്‍ ഈ ദൃശ്യകാവ്യം കണ്ടത്.

കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമ്മിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിൻ്റെ നിർമ്മാതാവ്. ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയ്യൊപ്പും നമുക്ക് കണ്ടറിയാനാകും ചിത്രത്തില്‍ ഉടനീളം. കടൽ തിരകൾ പോലെ വെൺനുര നിറയുന്ന ഗാനങ്ങളും പശ്ചാത്തല സംഗീതവും അമരത്തിന്‍റെ പ്ലസ് ആണ്. രവീന്ദ്ര സംഗീതത്തിൻ്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിൻ്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും ഒപ്പം ചേര്‍ന്ന് സൃഷ്ടിച്ചത് ഒരു മാജിക് ആണ്. ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോക് ആണ്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്. പി ആർ ഒ മഞ്ജു ഗോപിനാഥ്.