ചെന്നൈ: കാഞ്ചീപുരത്ത് കൊറിയര്‍ കമ്പനി വാഹനത്തെ തടഞ്ഞ് നാലര കോടി രൂപ കവര്‍ച്ച നടത്തിയ കേസില്‍ അഞ്ച് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍പെട്ട സന്തോഷ്, ജയന്‍, സുജിത്ലാല്‍, മുരുകന്‍, കുഞ്ഞുമുഹമ്മദ് എന്നിവരാണ് പിടിയിലായത്. മൊത്തം 17 അംഗങ്ങളുള്ള മലയാളി സംഘമാണ് ഈ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മറ്റ് പ്രതികളെ തേടാനായി തമിഴ്‌നാട് പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
പരാതിക്കാരനായ ജതിന്‍ (56) മുംബൈ ബോറിവലി സ്വദേശിയും കൊറിയര്‍ കമ്പനിയുടെ ഉടമയുമാണ്. ഒന്നര മാസം മുമ്പ് ബംഗളൂരുവില്‍ നിന്ന് ചെന്നൈ സൗക്കാര്‍പേട്ടയിലേക്കുള്ള യാത്രയില്‍ കമ്പനി ഡ്രൈവര്‍മാരായ പിയൂഷ് കുമാര്‍, ദേവേന്ദ്ര പട്ടേല്‍ എന്നിവര്‍ ഹ്യുണ്ടായ് ക്രെറ്റ കാറില്‍ നാലര കോടി രൂപയുമായി പുറപ്പെട്ടിരുന്നു.
ചെന്നൈ-ബംഗളൂരു ദേശീയപാതയിലെ കാഞ്ചീപുരത്ത് എത്തിയപ്പോഴാണ് മൂന്നു കാറുകളിലായെത്തിയ സംഘം വാഹനം തടഞ്ഞ്, കത്തി കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.
കവര്‍ച്ചയ്ക്കുശേഷം സംഘം ആര്‍ക്കോട്ടിന് സമീപം കാര്‍ ഉപേക്ഷിച്ച് പണവുമായി ഒളിച്ചോടി.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അഞ്ച് പ്രതികളെ കേരളത്തില്‍നിന്ന് കാഞ്ചീപുരം പൊലീസ് പിടികൂടി. ഇവരെ കാഞ്ചീപുരം കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് സംഘം, കവര്‍ച്ചപ്പെടുത്തിയ പണം വീണ്ടെടുക്കുന്നതിനായി കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്