സിനിമാഭിനയത്തിന് ഒരു ക്ലാസിക്കല്‍ സ്വഭാവം നല്‍കിയ നടനാണ് നെടുമുടി വേണു. കുട്ടനാടിന്‍റെ താളവുമായാണ് മലയാള സിനിമയിലേക്ക് വേണുഗോപാലന്‍ എന്ന നെടുമുടി വേണു രംഗപ്രവേശനം ചെയ്‌തത്. ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. തിരുവനന്തപുരത്തേക്ക് തമ്പടിച്ചതിന് ശേഷം അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. നെടുമുടി വേണു എന്ന സിനിമാനടന്റെ ഉദയകാലമായിരുന്നു അത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി.സിനിമയില്‍ തന്റേതായ പാത വെട്ടിത്തുറക്കുന്നതിനു മുമ്പുതന്നെ കൈവച്ച മേഖലകളിലെല്ലാം നേട്ടം കൈവരിച്ച പ്രതിഭകൂടെയാണ് ആദേഹം. അധ്യാപനവും പത്രപ്രവര്‍ത്തനവും മുതല്‍ തനതു നാടക വേദി വരെ നീളുന്ന വ്യത്യസ്ത വഴികള്‍. പ്രശസ്ത നാടകകൃത്തും കവിയുമായ കാവാലം നാരായണപണിക്കരുമായ ആത്മബന്ധം അദേഹത്തെ നാടക പ്രവര്‍ത്തനത്തിലേക്ക് നയിച്ചു. ‘ദൈവത്താർ’ നാടകത്തിൽ കാലൻ കണിയാൻ എന്ന നെടുമുടി വേണുവിന്റെ കഥാപാത്രം ഏറേ ശ്രദ്ധിക്കപ്പെട്ടു. തകര, ഒരിടത്തെരു ഫയൽവാൻ, കള്ളൻ പവിത്രൻ, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്‍റെ നൂറുങ്ങുവെട്ടം, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി തുടങ്ങി 500ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 3 തവണ ദേശീയ പുരസ്കാരവും 6 സംസ്ഥാന ചലചിത്ര പുരസ്കാരവും അദേഹത്തെ തേടിയെത്തി. ചാമരം എന്ന ചിത്രത്തിലെ വേഷത്തിന് അദേഹത്തിന് മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചു. നെടുമുടി വേണുവിന് വലിയ പ്രശസ്തി നേടിക്കൊടുത്ത വേഷമായിരുന്നു അത്. മോഹൻലാലുമായുള്ള നെടുമുടി വേണുവിൻ്റെ കൂട്ടുകെട്ട് തീയറ്ററുകളിൽ എന്നും മാജിക് സൃഷ്ടിച്ചിരുന്നു.
അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങൾ, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ വ്യത്യസ്തമായ വേഷപകര്‍ച്ചകളിലൂടെ എക്കാലവും മലയാളി ഓർത്തെടുക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി വേണു ഇന്നും സിനിമാ ആസ്വാദകരുടെ ഔര്‍മ്മയില്‍ തങ്ങിനില്‍ക്കും.