ഇന്ത്യക്കാരുടെ കൈയ്യില്‍ 34,600 ടണ്‍ സ്വര്‍ണം! ഓഹരി നിക്ഷേപത്തിന്റെ മൂന്നിരട്ടിയിലധികം മൂല്യം

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ട് മോര്‍ഗന്‍ സ്റ്റാന്‍ലി. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 34,600 ടണ്‍ സ്വര്‍ണം കൈവശം വെക്കുന്നു. ഇതിന്റെ നിലവിലെ മൂല്യം ഏകദേശം 300 ലക്ഷം കോടി രൂപയോളം വരും. ഈ സ്വര്‍ണ ശേഖരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏതാണ്ട് 88.8 ശതമാനത്തോളം വരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള ഓഹരി നിക്ഷേപത്തിന്റെ 3.1 മടങ്ങ് അധികമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ മൂല്യം. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ ആഗോള സ്വര്‍ണ ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ് . 5 വര്‍ഷത്തെ ശരാശരി 23% ആയിരുന്നു. 28 ശതമാനം ഡിമാന്‍ഡുമായി ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സാംസ്‌കാരികപരമായ അടുപ്പം, നിക്ഷേപപരമായ ആവശ്യം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നാണ് ഇന്ത്യ.


ആഭരണങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നു; നിക്ഷേപം കൂടുന്നു
സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നു. 2020 ജൂണില്‍ 23.9 ശതമാനമായിരുന്ന ഈ ഡിമാന്റ് 2025 ജൂണില്‍ 32 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണത്തിന്റെ ഉപഭോഗം 750 ടണ്ണിനും 840 ടണ്ണിനും ഇടയിലായി ഒതുങ്ങിനില്‍ക്കുകയാണ്. 2011-ലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 1,145 ടണ്ണിനെ അപേക്ഷിച്ച് ഇത് കുറവാണ്. എങ്കിലും, ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ ഉപഭോഗത്തിന്റെ മൂല്യം റെക്കോര്‍ഡ് നിലയിലെത്തി.

വഴിമാറുന്ന നിക്ഷേപം
കുടുംബങ്ങളുടെ സമ്പാദ്യം ഓഹരി പോലുള്ളവയിലേക്ക് മാറുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് കുറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായിരുന്നത് 2025-ല്‍ 35 ശതമാനമായി. കോവിഡിന് മുമ്പ് ഇത് 46 ശതമാനമായിരുന്നു. അതേസമയം, ഓഹരി നിക്ഷേപം 2024-ലെ 8.7 ശതമാനത്തില്‍ നിന്ന് 2025-ല്‍ 15.1 ശതമാനമായി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. കോവിഡിന് മുമ്പ് ഇത് 4 ശതമാനം മാത്രമായിരുന്നു.