വനിതാ ലോകകപ്പില്‍ കളിക്കുന്ന 2 ഓസ്ട്രേലിയൻ വനിത ക്രിക്കറ്റ് താരങ്ങൾക്ക് നേരെ ഇന്‍ഡോറില്‍ അതിക്രമം

ഇന്‍ഡോര്‍: വനിതാ ലോകകപ്പില്‍ കളിക്കുന്ന രണ്ട് ഓസ്ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കുനേരെ ഇന്‍ഡോറില്‍ അതിക്രമം. ഇന്‍ഡോറിലെ കഫേയില്‍ നിന്ന് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസ്ട്രേലിയന്‍ വനിത താരങ്ങളെൾക്കുനേരെയാണ് അതിക്രമം ഉണ്ടായത്. അക്രമിയെ പൊലിസ് പിടികൂടി.വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ടീം അംഗങ്ങള്‍ക്കൊപ്പം ഇന്‍ഡോറിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ താമസിക്കുന്ന രണ്ട് വനിതാ താരങ്ങള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ടീം സുരക്ഷാ മാനേജര്‍ ഡാനി സിമണ്‍സ് എംഐജി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വനിതാ ഏകദിന ലോകകപ്പില്‍ സെമിയിലെത്തിയ ഓസ്ട്രേലിയന്‍ വനിതാ ടീം ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിനായി ഇന്‍ഡോറിലെത്തിയ ടീം അംഗങ്ങള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുമെന്നും ടീമിന് എല്ലാവിധ സുരക്ഷയും ഒരുക്കുമെന്നും പൊലീസ് വ്യക്തമാക്കി. വനിതാ ഏകദിന ലോകകപ്പില്‍ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും ഓസീസ് ജയിച്ചിരുന്നു. ഒരു മത്സരം മഴമൂലം പൂര്‍ത്തിയാക്കാനായില്ല. 11 പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ് ഓസീസ്.