ഷാര്‍ജ: സ്വര്‍ണത്തിന്റെ വില കുതിച്ചുകയറുമ്പോഴും, ആഡംബരത്തിനും കലാവൈഭവത്തിനും പരിധിയില്ലെന്ന് തെളിയിച്ച് സൗദി അറേബ്യ ലോകത്തെ അതിശയിപ്പിച്ചു. 24 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ച ‘ദുബായ് ഡ്രസ്’ എന്ന വസ്ത്രം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ഏകദേശം 9.65 കോടി രൂപ (ഏകദേശം 10 കിലോഗ്രാം, അഥവാ 22 പൗണ്ട്) വില വരുന്ന ഈ വസ്ത്രം ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വര്‍ണ വസ്ത്രമായി രേഖപ്പെടുത്തപ്പെട്ടു. സൗദിയിലെ പ്രശസ്ത സ്വര്‍ണാഭരണ ബ്രാന്‍ഡായ അല്‍ റൊമൈസാന്‍ ആണ് ഈ അത്ഭുതനിര്‍മിതിയുടെ പിന്നില്‍. ആഡംബര കല്ലുകളും മനോഹരമായ കൊത്തുപണികളും ഉള്‍ക്കൊള്ളുന്ന ഈ വസ്ത്രം യുഎഇയുടെ പൈതൃകത്തെയും പരമ്പരാഗത എമിറാത്തി സംസ്‌കാരത്തെയും പ്രതിഫലിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കിരീടം, ബ്രേസ്ലെറ്റ്, കമ്മല്‍, മാല തുടങ്ങിയ ആഭരണങ്ങളുമായി വസ്ത്രം പൂര്‍ത്തിയാക്കിയതും കലാപരമായ മികവിന് തെളിവാണ്. ഷാര്‍ജയില്‍ നടന്ന 56-ാമത് മിഡില്‍ ഈസ്റ്റ വാച്ച് ആന്‍ഡ് ജ്വല്ലറി ഷോയില്‍ ആണ് ഈ വസ്ത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ലോകമെമ്പാടുമുള്ള 1800-ഓളം ഡിസൈനര്‍മാരും കരകൗശല വിദഗ്ദരും, കൂടാതെ 500-ലധിക പ്രാദേശികവും അന്തര്‍ദേശീയവുമായ പ്രദര്‍ശകരും പങ്കെടുത്ത ഈ ഷോയില്‍ ‘ദുബായ് ഡ്രസ്’ വലിയ ശ്രദ്ധ നേടി. ലോകത്തിലെ ആഡംബരത്തിന്റെ പുതിയ ചിഹ്നമായി’ദുബായ് ഡ്രസ്’ ഇപ്പോള്‍ സ്വര്‍ണത്തിന്റെ തിളക്കത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.