തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് വൈകിട്ട് 4 മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുലാമാസം ഒന്നിന് ( ഒക്ടോബർ 18) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും തുലാമാസം ഒന്നിന് രാവിലെ സന്നിധാനത്ത് നടക്കും.തുലാമാസ പൂജയുടെ അവസാന ദിവസമായ ഒക്ടോബർ 22ന് രാഷ്ട്രപതി ദൗപതി മുർമു ശബരിമല ദർശനം നടത്തും. രാഷ്ട്രപതിയെ വരവേൽക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനോടകം തന്നെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 22ന് ദർശനത്തിന് നിയന്ത്രണമുണ്ടാകും. ഒക്ടോബർ 21 നാണ് ശ്രീചിത്തിര ആട്ടതിരുനാൾ.