ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
കാക്കിനടയിലും പരിസരങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകള്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഏല്ലാ സർവിസുകളും ഇൻഡിഗോയും, എയർ ഇന്ത്യയും റദ്ദാക്കി. വിശാഖപട്ടണം വഴി കടന്നു പോകുന്ന 43 ട്രെയിനുകൾ റദ്ദാക്കി.
ഇന്ന് രാവിലെ അതിതീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റർ വേഗത്തിൽ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ആന്ധ്രയിലും തെക്കൻ ഒഡിഷയിലും തമിഴ്നാട്ടിലെ വടക്കൻ ജില്ലകളിലും രാവിലെ തുടങ്ങിയ മഴയ്ക്കു ശമനമായിട്ടില്ല.
