അവസാന 10 ഓവറില്‍ 86 റണ്‍സടിച്ച് ഇന്ത്യ, ഓസ്ട്രേലിയക്ക് 26 ഓവറില്‍ ജയിക്കാൻ 131 റൺസ്

പെര്‍ത്ത്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 131 റണ്‍സ് വിജയലക്ഷ്യം. മഴ പലതവണ തടസപെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു. 26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. അവസാന ഓവറില്‍ മാത്യു കുനെമാനെതിരെ രണ്ട് സിക്സ് അടക്കം 11 പന്തില്‍ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയും ഇന്ത്യൻ ഇന്നിംഗ്സ് 130 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മഴ മൂലം നാലാം തവണ കളി നിര്‍ത്തുമ്പോള്‍ 16.4 ഓവറില്‍ 52-4 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ അവസാന 10 ഓവറില്‍ 86 റണ്‍സടിച്ചാണ് 136 റണ്‍സിലെത്തിയത്. 31 പന്തില്‍ 38 റണ്‍സടിച്ച കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍ പട്ടേല്‍ 38 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 10 റണ്‍സടിച്ചു. 16.4 ഓവറില്‍ 52-4 എന്ന സ്കോറില്‍ മഴയുടെ ഇടവേളക്ക് ശേഷം ക്രീസിലെത്തിയ ഇന്ത്യക്കായി കെ എല്‍ രാഹുലാണ് തകര്‍ത്തടിച്ചത്. രണ്ട് ഫോറും രണ്ട് സിക്സും രാഹുല്‍ പറത്തി. മികച്ച പിന്തുണ നല്‍കിയ അക്സര്‍ പട്ടേലിനെ ഇരുപതാം ഓവറില്‍ കുനെമാൻ മടക്കി. പിന്നാലെ വാഷിംഗ്ടൺ സുന്ദറെ കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ 100 കടത്തി. 24-ാം ഓവറല്‍ സ്കോര്‍ 115ല്‍ നില്‍ക്കെ സുന്ദറും 25-ാം ഓവറില്‍ രാഹുലും മടങ്ങിയതിനുശേഷം നിതീഷിന്‍റെ രണ്ട് സിക്സുകള്‍ ഇന്ത്യയെ 130 കടത്തി.

രോ-കോ സഖ്യത്തിന് നിരാശ
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മിച്ചൽ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്ത് സ്ട്രൈറ്റ് ഡ്രൈവിലൂടെ ബൗണ്ടറി കടത്തി രോഹിത് പ്രതീക്ഷ നല്‍കി. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ഹേസല്‍വുഡിന്‍റെ എക്സ്ട്രാ ബൗണ്‍സ് രോഹിത്തിനെ ചതിച്ചു. ഓഫ് സ്റ്റംപ് ലൈനില്‍ കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റുവെച്ച രോഹിത്തിനെ സ്ലിപ്പില്‍ മാറ്റ് റെൻഷാ കൈയിലൊതുക്കി. പിന്നാലെ കിംഗ് കോലി ക്രീസിലെത്തി. ഹേസല്‍വുഡിന്‍റെ നേരിട്ട ആദ്യ പന്തില്‍ തന്നെ എല്‍ ബി ഡബ്ല്യു അപ്പീല്‍ അതിജീവിച്ചെങ്കിലും നേരിട്ട ആദ്യ ഏഴ് പന്തിലും കോലിക്ക് അക്കൗണ്ട് തുറക്കാനായില്ല.
ഒടുവില്‍ നേരിട്ട എട്ടാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയന്‍റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിച്ചു. ഓസ്ട്രേലിയയില്‍ കഴിഞ്ഞ 30 ഏകദിന ഇന്നിംഗ്സുകളില്‍ കോലിയുടെ ആദ്യ ഡക്കാണിത്. കോലി കൂടി മടങ്ങിയതോടെ പ്രതിരോധത്തിലായ ഇന്ത്യയെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ നഥാന്‍ എല്ലിസിന്‍റെ ലെഗ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ജോഷ് ഫിലിപ്പ് പറന്നുപിടിച്ചു. ഇതോടെ ഇന്ത്യ 25-3ലേക്ക് കൂപ്പുകുത്തി. 18 പന്ത് നേരിട്ട ഗില്‍ രണ്ട് ബൗണ്ടറിയടക്കം 10 റണ്‍സാണ് നേടിയത്. പിന്നീട് മഴയപുടെ ഇടവേളക്കുശേഷം ശ്രേയസ് അയ്യരും അക്സര്‍ പട്ടേലും പ്രതീക്ഷ നല്‍കി പിടിച്ചു നിന്നെങ്കിലും സ്കോര്‍ 45ല്‍ നില്‍ക്കെ ശ്രേയസിനെ ഹേസല്‍വുഡ് മടക്കി. ഇതോടെ ഇന്ത്യ 45-4ലേക്ക് വീണെങ്കിലും രാഹുലും അക്സറും രക്ഷകരായി.

മഴയുടെ കളി
നേരത്തെ ടോസ് നഷ്ടമായി ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ ഒമ്പതാം ഓവറിലാണ് ആദ്യം മഴയെത്തിയത്. ചെറിയ ഇടവേളക്ക് ശേഷം മത്സരം വീണ്ടും തുടങ്ങിയപ്പോള്‍ മത്സരം 49 ഓവര്‍ വീതമായി വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യൻ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറില്‍ വീണ്ടും മഴ പെയ്തോടെ മത്സരം ഒന്നര മണിക്കൂറോളം നിര്‍ത്തിവെക്കേണ്ടി വന്നു. ഇതോടെയാണ് മത്സരം 35 ഓവര്‍ വീതമായി വെട്ടിക്കുറച്ചത്.

മഴമാറി കളി തുടങ്ങിയതിന് പിന്നാലെ ഇന്ത്യക്ക് ശ്രേയസ് അയ്യരുടെ വിക്കറ്റ് കൂടി നഷ്ടമായിരുന്നു. 24 പന്തില്‍ 11 റണ്‍സെടുത്ത ശ്രേയസിനെ ഹേസല്‍വുഡാണ് പുറത്താക്കിയത്. ശ്രേയസ് പുറത്തായതിന് പിന്നാലെ വീണ്ടും മഴ എത്തിയതോടെ മത്സരം വീണ്ടും തടസപ്പെട്ടു. മഴമൂലം കളി നിര്‍ത്തുമ്പോൾ ഇന്ത്യ 14.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലായിരുന്നു. വീണ്ടും മത്സരം തുടങ്ങിയപ്പോള്‍ 32 ഓവര്‍ വീതമാക്കി മത്സരം വെട്ടിക്കുറച്ചു. എന്നാല്‍ 16.4 ഓവറില്‍ 52-4 എന്ന സ്കോറില്‍ നില്‍ക്കെ മഴയെത്തിയതോടെ വീണ്ടും 26 ഓവര്‍ വീതമാക്കി കുറക്കുകയായിരുന്നു.