മുതിർന്ന കോൺഗ്രസ്സ് നേതാവും, ദീർഘകാലമായി UDF കൺവീനറും ആയിരുന്ന പ്രിയപ്പെട്ട പി പി തങ്കച്ചൻ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചന്‍(86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തുടര്‍ച്ചയായി 14 വര്‍ഷം യുഡിഎഫ് കണ്‍വീനറായും, കെപിസിസിയുടെ മുന്‍ ആക്ടിംഗ് പ്രസിഡന്റ്, എട്ടാം കേരള നിയമസഭയിലെ സ്പീക്കര്‍, രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എറണാകുളം അങ്കമാലിയില്‍ റവ.ഫാ. പൗലോസിന്റെ മകനാണ് അദ്ദേഹം. 1968ല്‍ പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായായിരുന്നു പ്രവേശനം. തുടര്‍ന്ന്, 1982ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്പാവൂരില്‍ നിന്ന് തന്നെ നിയമസഭാംഗമായി. 1987-1991 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സെക്രട്ടറിയായിരുന്നു.

1991-1995ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സ്പീക്കറായും 1995-1996ലെ എ.കെ ആന്റണി മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായും 1996-2001ലെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.