തമിഴ്നാട്ടിലെ കുമ്പനാട്ടുനിന്ന് കൊല്ലം ബീച്ച് സന്ദർശിക്കാനെത്തിയ ദമ്പതിമാർ തിരയിൽ മുങ്ങിത്താണു.

കൊല്ലം: തമിഴ്നാട്ടിലെ കുമ്പനാട്ടുനിന്ന് കൊല്ലം ബീച്ച് സന്ദർശിക്കാനെത്തിയ ദമ്പതിമാർ തിരയിൽ മുങ്ങിത്താണു.

മത്സ്യത്തൊഴിലാളികളും പള്ളിത്തോട്ടം സ്വദേശിയായ യുവാവും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്‌ രാവിലെ 11-നാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിൽനിന്ന് രാവിലെ ബീച്ചിലെത്തിയതാണ് കുടുംബം. ശക്തമായ തിരയുണ്ടായിരുന്നതിനാൽ ലൈഫ് ഗാർഡുകൾ ഇവരെ കടലിൽ ഇറങ്ങാൻ അനുവദിച്ചിരുന്നില്ല. ബീച്ചിൽനിന്നുമാറി കടലോരത്തുകൂടി നടക്കുന്നതിനിടയിലാണ് കുന്പനാട് സ്വദേശിയായ ഉഷയും ഭർത്താവ് രാമലിംഗവും തിരയിൽപ്പെട്ടത്.

മത്സ്യത്തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം തുടങ്ങി. മകളെയുംകൊണ്ട് ബൈക്കിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന പള്ളിത്തോട്ടം സംഗമനഗർ സ്വദേശിയായ ടോജിൻ രാജ് സംഭവം കണ്ടയുടൻ ബൈക്ക് നിർത്തിയിറങ്ങി. കടലിൽ ചാടിയ ടോജിൻ, മുങ്ങിത്താണവരെ രക്ഷപ്പെടുത്തുകയായിരുന്നു. പള്ളിത്തോട്ടം പോലീസും സ്ഥലത്തെത്തി.