ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതോടെ ഗാസ സിറ്റിസിൽ നിന്നും കൂട്ടപലായനം തുടരുന്നു. ഇനി ഒരിക്കലും തങ്ങൾ ജനിച്ച മണ്ണിലേക്ക് ഒരു തിരിച്ചുവരവുണ്ടാകില്ലെന്നുറപ്പിച്ചാണ് ജനം ജീവനുംകൊണ്ടോടുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അവശ്യസാധനങ്ങളുമായി കഴുതപ്പുറത്തും വാഹനങ്ങളിലുമായി ജന്മനാട് വിട്ടോടുന്ന പലസ്തീനികളുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
രണ്ട് വർഷത്തെ യുദ്ധത്തിനിടയിൽ ഗാസ സിറ്റിയിൽ ഇസ്രയേൽ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇസ്രയേൽ കരയാക്രമണത്തെക്കുറിച്ച് 'ഗാസ കത്തുന്നു'വെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്‌സ് പ്രതികരിച്ചത്. ഇസ്രയേൽ സൈന്യം ഗാസ സിറ്റിയിൽ നടത്തിയ ബോംബാക്രമണത്തിലൂന് പിന്നാലെ ജനങ്ങൾ കൂട്ടത്തോടെ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.
ഗാസയിലുടനീളം 106 പേരാണ് കൊല്ലപ്പെട്ടത്. തീരദേശ റോഡ് വഴി രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുടുംബത്തെ ബോംബാക്രമണത്തിലൂടെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗാസ സിറ്റിയിലെ കുറഞ്ഞത് 17ഓളം കെട്ടിടങ്ങളാണ് ഒറ്റ രാത്രി കൊണ്ട് തകർന്നത്. ബോംബാക്രമണത്തിനൊപ്പം സ്‌ഫോടനാത്മക റോബോട്ടുകൾ ഉപയോഗിച്ചും ഇസ്രയേൽ സൈന്യം ഒരേ സമയം വടക്ക്, തെക്ക്, കിഴക്ക് പ്രദേശങ്ങളിൽ ആക്രമണം നടത്തി. 20 ഭവന യൂണിറ്റുകൾ വീതം നശിപ്പിക്കാൻ സാധിക്കുന്ന 15 ഓളം മെഷീനുകൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂറോ മെഡ് മോണിറ്റർ എന്ന സംഘടന ഈ മാസം ആരംഭത്തിൽ പറഞ്ഞിരുന്നു.
രണ്ട് വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിന്റെ തുടക്കത്തിൽ തന്നെ 10 ലക്ഷത്തോളം ആളുകളാണ് ഗാസ സിറ്റിയിലേക്ക് പലായനം ചെയ്തത്. എന്നാൽ ഇപ്പോൾ എത്ര പേർ അവിടെ അവിശേഷിക്കുന്നുവെന്ന കൃത്യമായ കണക്കുകൾ ലഭ്യമല്ല. കഴിഞ്ഞ ദിവസം മാത്രം ഗാസ സിറ്റിയിൽ നിന്ന് ഏകദേശം 3,50,000 പേർ പലായനം ചെയ്തതായി ഇസ്രയേൽ സൈന്യം പറയുന്നു. എന്നാൽ 3,50,000 പേരെ ഗാസ സിറ്റിയുടെ മധ്യ, പടിഞ്ഞാറ് ഭാഗത്തേക്ക് മാറ്റിപ്പാർപ്പിച്ചെന്നും 1,90,000 പേർ പലായനം ചെയ്‌തെന്നുമാണ് ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് പറയുന്നത്. പലായനം ചെയ്ത് ചെന്നെത്തുന്ന ക്യാമ്പുകളിലും താമസിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുകയാണ്.