സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ ശക്തമായ മഴ, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ വീണ്ടും രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കന്‍ ആന്‍ഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 22 -ഓടെ ഇത് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു നീങ്ങാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദമായി ഇത് രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍