അനധികൃത പണമിടപാട് കാർക്കെതിരെ പരാതി കൊല്ലം റൂറൽ ജില്ലയിൽ വ്യാപക റെയ്‌ഡ് - കൃത്യമായ രേഖകളില്ലാത്ത പണവും, ആധാരങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തു.

കൊട്ടാരക്കര: ഗവണ്മെന്റ് അംഗീകൃത ലൈസെൻസോ അധികാര പത്രമോ ഇല്ലാതെ പൊതുജനങ്ങളിൽ നിന്ന് ആധാരവും, പ്രോമിസറി നോട്ടുകളും കരാർ പത്രങ്ങളും ഈടായി വാങ്ങി നിയമവിരുദ്ധമായി പണം കൊടുക്കുന്നതായും, അമിതമായ പലിശ ഈടാക്കുകയും ചെയ്യുന്നതായി വിവരം ലഭിച്ചതിനാൽ, പലിശയ്ക്ക് പണം കൊടുക്കുന്നവർക്കെതിരായ നിയമനടപടിയുടെ ഭാഗമായി കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ‘ഓപ്പറേഷൻ ഷൈലോക്ക് മാതൃകയിൽ’ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ചോളം സ്ഥലങ്ങളിൽ റെയ്‌ഡുകൾ നടന്നു. 18.09.2025 വ്യാഴാച്ച നടന്ന റെയ്‌ഡുകളിൽ കൃത്യമായ രേഖകളില്ലാതെ കൈവശം വച്ചിരുന്ന 25, 35, 870/- രൂപയും, ആധാരങ്ങളും, മറ്റു രേഖകളും പിടിച്ചെടുത്തു. കൊട്ടാരക്കര, പുനലൂർ, ഏരൂർ, അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധികളിലെ ഇത്തരം സ്ഥാപനങ്ങളിലും സ്ഥാപന ഉടമകളുടെ വീടുകളിലും ആയിരുന്നു റെയ്‌ഡ്. വ്യാഴാച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഒരേസമയം ഈ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പണവും മറ്റു രേഖകളും കണ്ടെത്തിയത്. സ്വർണ്ണം ഈടായി വാങ്ങി പലിശയ്ക്ക് പണം നൽകുന്നതിന് നിയമാനുസരണം ലഭിച്ച അനുമതി പത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ച പുനലൂർ കരവാളൂർ വില്ലേജിൽ പുള്ളത്തടം എന്ന സ്ഥലത്തെ ഇമ്മാനുവൽ ഫിനാൻസ് എന്ന പണമിടപാട് സ്ഥാപനത്തിൽ നിന്നും അമിതലാഭം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടെ സൂക്ഷിച്ചു വന്ന ആധാരങ്ങളും, പ്രോമിസറിനോട്ടുകളും, കരാർ പത്രങ്ങളും, കൃത്യമായ രേഖകളില്ലാത്ത 25, 35, 870/- രൂപയും പിടിച്ചെടുത്തു. ഈ സ്ഥാപനത്തിന്റെ ഉടമ സജു പി കെ എന്ന ആൾക്കെതിരെ പുനലൂർ പോലീസ് സ്റ്റേഷനിൽ കേരള മണി ലെൻഡേർസ് ആക്ട് 1958 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര പോലീസ്‌ സ്റ്റേഷൻ പരിധിയിൽ ഗാന്ധിമുക്ക് എന്ന സ്ഥലത്ത് മൈത്രി നഗറിൽ ലൈലാകുമാരി എന്നയാളുടെ പൗവ്വത്ത് പുത്തൻ വീട്ടിൽ നടന്ന റെയ്‌ഡിൽ അനധികൃതമായി സൂക്ഷിച്ച്‌ വന്ന ബ്ലാങ്ക് ചെക്കുകളും, മുദ്ര പത്രങ്ങളും പിടിച്ചെടുത്തു, ഇവർക്കെതിരെ കൊട്ടാരക്കര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടന്നുവരുന്നതുമാണ്. ഇത്തരത്തിൽ അനധികൃതമായി പണമിടപാട് നടത്തുന്ന സ്ഥാപങ്ങൾക്കെതിരേയും, വ്യക്തികൾക്കെതിരേയും തുടർന്നും കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ്‌ റ്റി. കെ ഐ.പി.എസ് അറിയിച്ചു.