ഹരിപ്പാട്: ആനാരി മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച നബിദിന റാലിക്ക് ആശംസകൾ നേർന്നുകൊണ്ട് ചെറുതന ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികൾ സ്വീകരണം ഒരുക്കി. തിരുവോണ ദിവസം നടത്തേണ്ട നബിദിന റാലി ഓണാഘോഷത്തിനോള്ള ആദര സൂചകമായി അവിട്ടം ദിനത്തിലേക്ക് മാറ്റുകയായിരുന്നു. റാലി വരുന്നത് കാത്ത് ആയാപറമ്പ് സ്കൂൾ ജംഗ്ഷനിൽ നിന്ന അന്തേവാസികൾക്ക് മുന്നിൽ ആനാരി മുസ്ലിം ജമാഅത്ത് മദ്രസ വിദ്യാർത്ഥികൾ ഫ്ലവർ ഷോ, ബലൂൺ ഷോ, ദഫ് മുട്ട്, അറബന മുട്ട് എന്നിവ അവതരിപ്പിച്ചു. മുദരിസ് കുഞ്ഞുമുഹമ്മദ് സഖാഫി, ചീഫ് ഇമാം അബ്ദുല്ല മുബാറക്ക് അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന റാലിക്ക് സ്നേഹ പുഷ്പം സമ്മാനിച്ച് ഗാന്ധിഭവൻ അച്ഛനമ്മമാർ റാലിയെ വരവേറ്റു. 96 വയസ്സുള്ള ജാനകിയമ്മയുടെ നേതൃത്വത്തിൽ ഇരുപതോളം വരുന്ന ഗാന്ധിഭവൻ കുടുംബാംഗങ്ങളാണ് നബിദിന റാലി കാണാൻ എത്തിയിരുന്നത്.