കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്‍

കൊല്ലത്ത് ദലിത് കുടുംബത്തിന് നേരെ ആക്രമണം നടത്തിയ ലഹരി സംഘം പിടിയില്‍. ചവറ സ്വദേശികളായ എട്ട് പേരെ റിമാന്‍ഡ് ചെയ്തു. ശങ്കരമംഗലം സ്വദേശി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്. കുട്ടികളെ ഉള്‍പ്പടെ സംഘം മര്‍ദിച്ചതായും പരാതിയിലുണ്ട്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞത് നാഗലക്ഷ്മി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതരായ പ്രതികള്‍ വീട്ടില്‍ കയറി കുട്ടികളേയും മുതിര്‍ന്നവരേയും മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടികള്‍ക്കും പരിക്കേറ്റു. സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

മര്‍ദനത്തില്‍ 11 പേര്‍ക്കാണ് പരിേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചവറ സ്വദേശികളായ മുഹമ്മദ് സാലിഖ്, അമീര്‍, അച്ചു വിജയന്‍, ആദിത്യന്‍, മനോജ്, ആദി കൃഷ്ണ, വിഗ്‌നേഷ്, ബിച്ചു എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി ചവറ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.