കർശന നിബന്ധനകളോടെയാകും ടോൾ പിരിവിന് അനുമതി നൽകുക എന്ന് കോടതി വ്യക്തമാക്കി. നിബന്ധനകൾ തിങ്കളാഴ്ച പുറപ്പെടുവിക്കുന്ന ഉത്തരവിനൊപ്പം വ്യക്തമാക്കും. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും കേസ് അവസാനിപ്പിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
ഇടക്കാല ഗതാഗത മാനേജ്‌മെന്റ് കമ്മിറ്റി പരിശോധന തുടരണം. കൃത്യമായ ഇടവേളകളില്‍ കമ്മിറ്റി പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിൻ്റേതാണ് നടപടി. ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് ടോൾ കമ്പനി ആവശ്യപ്പെട്ടു. ഒന്നര മാസമായി ടോൾ പിരിവ് മുടങ്ങിയതിനാൽ വരുമാനം നിലച്ചുവെന്നും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയുന്നില്ലെന്നും ടോൾ കമ്പനി വാദിച്ചു.ടോൾ പിരിവിന് അനുമതി തടയുന്നത് ശരിയല്ലന്ന് കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചു. തുടർന്നാണ് ഉപാധികളോടെ അനുമതി നൽകാൻ കോടതി തീരുമാനിച്ചത്. ഇടപ്പള്ളി മണ്ണത്തി ദേശീയപാതയിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ടോൾ പിരിവ് തടഞ്ഞ് കഴിഞ്ഞ മാസം അഞ്ചിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ദേശീയപാത അതോറിറ്റിയും , ടോൾ കമ്പനിയും സുപ്രീം കോടതി വരെ നിയമപോരാട്ടം നടത്തിയെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിരുന്നില്ല. ഗതാഗത പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി കളക്ടറും മോണിറ്ററിംഗ് കമ്മറ്റിയും റിപ്പോർട്ട് നൽകിയതോടെയാണ് ഹൈക്കോടതി നിലപാട് പുനപരിശോധിക്കാൻ തയ്യാറായത്. കേന്ദ്ര സർക്കാരിനും ദേശീയ പാത അതോറിറ്റിക്കും കോടതിയിൽ നിന്നും നിരന്തരം വിമർശനം കേൾക്കേണ്ടി വന്ന കേസ് കൂടിയാണിത്
