ട്രെയിൻ കോച്ചിൽ നിന്ന് മിസൈൽ വിക്ഷേപിച്ച് ഇന്ത്യ

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ചരിത്രമെഴുതി ഇന്ത്യ. അഗ്നി-പ്രൈം മിസൈലിന്‍റെ പുതിയ പരീക്ഷണം റെയിൽ അധിഷ്‌ഠിത മൊബൈൽ ലോഞ്ചറില്‍ നിന്നായിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ കോച്ചിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയാണ് ഡിആർഡിഒ സ്വപ്‌നനേട്ടം സ്വന്തമാക്കിയത്. ട്രെയിന്‍ കോച്ചില്‍ നിന്ന് ഇന്ത്യ നടത്തിയ ആദ്യ മിസൈല്‍ പരീക്ഷണം വിജയകരം എന്ന് ഡിആർഡിഒ അറിയിച്ചു. 2000 കിലോമീറ്റര്‍ പ്രഹരശേഷിയില്‍ ചൈനയും പാകിസ്ഥാനും താണ്ടാൻ കരുത്തുള്ള അത്യാധുനിക ഇന്‍റര്‍മീഡിയേറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി പ്രൈം. ഇതാദ്യമായാണ് പ്രത്യേകമായി രൂപകല്‍പന ചെയ്‌ത ട്രെയിന്‍ അധിഷ്‌ഠിത ലോഞ്ചറില്‍ നിന്ന് അഗ്നി-പ്രൈം മിസൈലിന്‍റെ പരീക്ഷണം നടത്തുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനില്‍ നിന്ന് മിസൈല്‍ വിക്ഷേപിക്കാനുള്ള സാങ്കേതികവിദ്യയുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇതോടെ ഇന്ത്യ ഇടംപിടിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി.