ചൂയിംഗം തൊണ്ടയില്‍ കുടുങ്ങി; എട്ടു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍,

കണ്ണൂര്‍: പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

റോഡ് സൈഡില്‍ വാഹനം നിര്‍ത്തി പച്ചക്കറി വണ്ടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പരസ്പരം സംസാരിച്ച് നില്‍ക്കുകയായിരുന്നു യുവാക്കള്‍. ഇതേസമയം റോഡിന്റെ മറുവശത്ത് സൈക്കിളുമായി നില്‍ക്കുന്ന പെണ്‍കുട്ടി ചൂയിംഗ് വായില്‍ ഇടുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അല്‍പനേരത്തിനുള്ളില്‍ ബുദ്ധിമുട്ട് തോന്നിയ പെണ്‍കുട്ടി യുവാക്കളുടെ സഹായം തേടുകയായിരുന്നു. പെട്ടെന്ന് തന്നെ യുവാക്കളിലൊരാള്‍ കുട്ടിയ്ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയായിരുന്നു. ‘കണ്ണൂര്‍ പഴയങ്ങാടി പള്ളിക്കരയില്‍ ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ച് യുവാക്കള്‍. നന്ദി’- മന്ത്രി കുറിച്ചു.