രാജ്യത്ത് ആധാര്‍ സര്‍വ്വീസ് സേവന നിരക്ക് വര്‍ദ്ധിപ്പിച്ച് അക്ഷയ കേന്ദ്രങ്ങള്‍

അക്ഷയ കേന്ദ്രങ്ങളില്‍ ഇനി മുതല്‍ സേവനങ്ങള്‍ക്കായി കൂടുതല്‍ പണം കരുതേണ്ടിവരും. രാജ്യത്ത് ആധാര്‍ സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചു. ബയോമെട്രിക് പുതുക്കല്‍ ഫീസ് 50 രൂപയില്‍ നിന്ന് 75 രൂപയായി ഉയര്‍ന്നു. വിവരങ്ങള്‍ തിരുത്തുന്നതിനുള്ള ഫീസ് 25 രൂപ കൂടി, മുന്‍പ് 30 രൂപയായിരുന്ന പ്രിന്റ് എടുക്കല്‍ നിരക്ക് ഇപ്പോള്‍ 50 രൂപയായി വര്‍ദ്ധിച്ചു.

അതേസമയം, പുതുക്കിയ ജിഎസ്ടി നിരക്കുകളോടെ ഇന്ത്യ ജിഎസ്ടി 2.0 കാലഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിലൂടെ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ഗുണമാണ് പ്രതീക്ഷിക്കുന്നത്. 40,000 രൂപ മുതല്‍ 30 ലക്ഷം വരെ വിലവരുന്ന കാറുകളില്‍ വിലക്കുറവ് ലഭിക്കും. പ്രീമിയം എസ്യുവികളില്‍ നിന്ന് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ വരെ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. മാരുതി സുസുക്കിയുടെ ബജറ്റ് കാറുകളും റേഞ്ച് റോവറിന്റെ പ്രീമിയം എസ്യുവികളും വിലക്കുറവോടെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇരുചക്ര വാഹനങ്ങളില്‍ ഹോണ്ട ആക്ടീവ, ഷൈന്‍ തുടങ്ങി ജനപ്രിയ മോഡലുകള്‍ക്കും വിലക്കുറവ് പ്രതീക്ഷിക്കാം.

പാലുത്പന്നങ്ങളിലും ഗുണം നേരിട്ട് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മില്‍മ തീരുമാനിച്ചു. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി 100-ലധികം ഉത്പന്നങ്ങളുടെ വില തിങ്കളാഴ്ച മുതല്‍ കുറയും.നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. നിലവിലെ 720 രൂപയില്‍ നിന്ന് 675 രൂപയാകും. 370 രൂപയുണ്ടായിരുന്ന അര ലിറ്റര്‍ നെയ്യ് 25 രൂപ കുറവില്‍ 345 രൂപയ്ക്ക് ലഭിക്കും. 240 രൂപയുണ്ടായിരുന്ന 400 ഗ്രാം വെണ്ണ 15 രൂപ കുറഞ്ഞ് ഇനി മുതല്‍ 225 രൂപയ്ക്ക് ലഭിക്കും.

500 ഗ്രാം പനീറിന്റെ വില 245 രൂപയില്‍ നിന്ന് 234 രൂപ ആകും. പനീറിന്റെ ജിഎസ്ടി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. മില്‍മ വാനില ഐസ്‌ക്രീമിന് 220 രൂപയായിരുന്നു. ഇത് 196 രൂപയായി കുറയും. മുമ്പ് 18 ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് അഞ്ചുശതമാനമായി കുറച്ചതാണ് വിലക്കുറവിന് പിന്നിലെ പ്രധാന കാരണം എന്ന് മില്‍മ ചെയര്‍മാന്‍ കെ. എസ്. മണി വ്യക്തമാക്കി.