പൊതുസ്‌ഥലത്ത് ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി.ജസ്‌റ്റിസുമാരായ മനോജ് മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. 'പൊതുസ്‌ഥലത്ത്' ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത് ഉപയോഗിക്കാന്‍ സൂക്ഷിക്കുന്നില്ലെങ്കില്‍, ആ വ്യക്‌തിക്ക് പൊതു ഭൗതിക സൗകര്യങ്ങളില്‍നിന്ന് നേട്ടം ലഭിക്കുന്നില്ല;അതിനാല്‍, ആ കാലയളവില്‍ അയാള്‍ മോട്ടോര്‍ വാഹന നികുതി അടയ്‌ക്കേണ്ടതില്ല'- കോടതി വ്യക്‌തമാക്കി.
റോഡുകള്‍, ഹൈവേകള്‍ മുതലായ പൊതു ഭൗതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന ഒരു വ്യക്‌തി അത്തരം ഉപയോഗത്തിന് പണം നല്‍കണം എന്നതാണു നികുതി നിര്‍ദേശത്തിനു പിന്നിലെന്നു കോടതി പറഞ്ഞു.
1963 ലെ ആന്ധ്രാപ്രദേശ് മോട്ടോര്‍ വാഹന നികുതി നിയമത്തിലെ മൂന്നാം വകുപ്പില്‍ 'പൊതുസ്‌ഥലം' എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
നിയമത്തിലെ മൂന്നാം വകുപ്പ് മോട്ടോര്‍ വാഹനങ്ങളില്‍ നികുതി ഈടാക്കുന്നതിനെക്കുറിച്ചാണ്. രാഷ്‌ട്രീയ ഇസ്‌പാത് നിഗം ലിമിറ്റഡ് (ആര്‍.ഐ.എന്‍.എല്‍) വളപ്പിനുള്ളില്‍ മാത്രം ഉപയോഗിക്കാന്‍ പരിമിതപ്പെടുത്തിയ വാഹനങ്ങള്‍ക്കു നികുതി ഈടാക്കാനുള്ള നിര്‍ദേശമാണു കേസില്‍ കലാശിച്ചത്. കമ്ബനി വളപ്പില്‍ മാത്രമാണു വാഹനം ഉപയോഗിച്ചതെന്നും അവര്‍ വാദിച്ചു.